ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കി എടികെ മോഹന്‍ ബഗാന്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് എടികെയുടെ വിജയം.
കളിയുടെ 67 -ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് എടികെയുടെ വിജയഗോള്‍ നേടീയത്. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ നോട്ടപ്പിശക് റോയ് കൃഷ്ണ ഗോളാക്കി മാറ്റുകയായിരുന്നു. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു കളിയിലെ ഏക ഗോള്‍.
ബോക്‌സിലേക്കുവന്ന പന്ത് വിന്‍സന്റ് ഗോമസിനും സിഗോഞ്ചയ്ക്കും ക്ലിയര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. സിഡോയുടെ ദുര്‍ബലമായ ഹെഡ്ഡര്‍ ബോക്‌സിനു വെളിയില്‍ മാര്‍ക്ക് ചെയ്യാതെ നിന്ന റോയ് കൃഷ്ണയുടെ കാല്‍പ്പാകത്തില്‍. മുന്നോട്ടുകയറിയ ഫിജി സ്‌ട്രൈക്കര്‍ പന്ത് കൃത്യമായി ബ്ലാസ്റ്റേഴ്‌സ് വലയിലെത്തിച്ചു.
അതേസമയം ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ഗോളെന്നുറപ്പിച്ച സുവര്‍ണാവസരം പാഴാക്കി. കളി സമയത്തിന്റെ 60 ശതമാനവും പന്ത് കാല്‍ക്കല്‍ നിയന്ത്രിച്ചിട്ടും ബ്ലാസ്റ്റേഴ്‌സിന് ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടുതല്‍ കോര്‍ണര്‍ (6) നേടിയതും ബ്ലാസ്റ്റേഴ്‌സായിരുന്നു.