ന്യൂഡല്‍ഹി: 3+1 എന്ന ഏഷ്യന്‍ നിയമം പിന്തുടരുന്നതോടെ ഐഎസ്എല്‍ ഫുട്ബോളില്‍ ഇനി വിദേശ താരങ്ങളുടെ എണ്ണം കുറയും. പുതിയ സീസണ്‍ മുതലാണ് 3+1 എന്ന ഏഷ്യന്‍ നിയമം പിന്തുടരുക. ഇതോടെ 2021-22 സീസണില്‍ ആദ്യ ഇലവനിലുള്ള വിദേശതാരങ്ങളുടെ എണ്ണം കുറയും.
3+1 എന്ന ഏഷ്യന്‍ നിയമം പ്രകാരം ഒരു ക്ലബിന് ആകെ ആറ് വിദേശ താരങ്ങളുമായി മാത്രമെ കാരാറില്‍ എത്താന്‍ സാധിക്കുകയുള്ളൂ. ഇവരില്‍ ഒരാള്‍ ഏഷ്യന്‍ താരമാവുകയും വേണം. നിലവില്‍ ഒരു ക്ലബിന് ഏഴ് വിദേശതാരങ്ങളുമായാണ് കാരാറില്‍ എത്താനാവുക.
അതേസമയം ഐഎസ്എല്‍ 2021-22 സീസണ്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്താന്‍ തീരുമാനമായി. ഐഎസ്എല്‍ ഏഴാം സീസണ്‍ കേരളത്തിലും ഗോവയിലും മാത്രമായി നടത്താനാണ് ആലോചന. പശ്ചിമ ബംഗാള്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയും പരിഗണനയിലുണ്ട്.
കോവിഡ് കേസുകളുടെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം, ഗോവ എന്നിവിടങ്ങളിലെ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഈ രണ്ട് സംസ്ഥാനങ്ങളെ പരിഗണിക്കുന്നത്. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുവാദം ലഭിച്ചാല്‍ അന്തിമ തീരുമാനത്തില്‍ എത്തുമെന്നും അധികൃതര്‍ അറിയിച്ചു.