ഇന്ത്യ അന്താരാഷ്ട്ര ശാസ്‌ത്രോത്സവത്തിലെ പ്രധാന ആകര്‍ഷണമായ അന്താരാഷ്ട്ര ശാസ്ത്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. 60 രാജ്യങ്ങളില്‍നിന്നായി 634 ശാസ്ത്ര ചലച്ചിത്രങ്ങള്‍ മേളയില്‍ എന്‍ട്രിയായി ലഭിച്ചിട്ടുണ്ട്. ശാസ്ത്രത്തിന്റെ ജനകീയ വല്‍ക്കരണത്തിന് സഹായിക്കുന്ന വിധത്തില്‍ ചലച്ചിത്ര നിര്‍മ്മാണത്തിനുള്ള മികച്ച വേദിയാണിത്.
ശാസ്ത്രം,സാങ്കേതികവിദ്യ, കോവിഡ് അവബോധം, സ്വാശ്രയത്തിനായുള്ള ഇന്ത്യയുടെ പരിശ്രമങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലുള്ള ചലച്ചിത്ര വൈവിധ്യം മേളയില്‍ അനുഭവിക്കാനാകുമെന്ന് മേള ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു. ശാസ്ത്രം പ്രചരിപ്പിക്കുന്നതിനുള്ള മികച്ച മാധ്യമമാണ് സിനിമ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വളര്‍ന്നുവരുന്ന ചലച്ചിത്ര സംവിധായകരെ പരിപോഷിപ്പിക്കാനും നമ്മുടെ പരിചയസമ്പത്ത് അവരുമായി പങ്കുവയ്ക്കാനുള്ള അവസരമാണ് ശാസ്ത്ര ചലച്ചിത്രമേള എന്ന് സംവിധായകനും ഐ എസ് എഫ് എഫ് ഐ, ജൂറി ചെയര്‍മാനുമായ മൈക്ക് പാണ്ഡെ അഭിപ്രായപ്പെട്ടു.
മേളയില്‍ ഇരുന്നൂറിലധികം ചിത്രങ്ങള്‍ ഓണ്‍ലൈനായി സ്‌ക്രീന്‍ ചെയ്തതിനുശേഷം പുരസ്‌കാരത്തിനായി തിരഞ്ഞെടുത്ത ചിത്രങ്ങള്‍ നാളെ (ഡിസംബര്‍ 25, 2020) പ്രഖ്യാപിക്കുമെന്ന് ഐ എസ് എഫ് എഫ് ഐ കോര്‍ഡിനേറ്റര്‍ നിമിഷ് കപൂര്‍ അറിയിച്ചു.