മലപ്പുറം: പന്താവൂര്‍ സ്വദേശി ഇര്‍ഷാദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. മാലിന്യം നിറഞ്ഞ കിണറ്റില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കിട്ടിയത്. രണ്ട് ദിവസമായി തെരച്ചില്‍ തുടരുകയായിരുന്നു. ആറുമാസം മുന്‍പാണ് ഇവിടെ മൃതശരീരം കൊണ്ടിട്ടത്. 15 കോലോളം ആഴമുള്ള കിണറ്റില്‍നിന്ന് ടണ്‍ കണക്കിന് മാലിന്യമാണ് പോലീസും നാട്ടുകാരും നീക്കിയത്.
സുഹൃത്തുക്കളായ സുഭാഷ്, എബിന്‍ എന്നിവരെ ചങ്ങരംകുളം പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹം എടപ്പാള്‍ പൂക്കളത്തറ സെന്ററിലെ പൊട്ടക്കിണറ്റില്‍ തള്ളിയെന്ന് പ്രതികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് തെരച്ചില്‍. ആറുലക്ഷത്തോളം രൂപ പലഘട്ടങ്ങളിലായി ഇവര്‍ ഇര്‍ഷാദില്‍നിന്ന് കൈപ്പറ്റിയിരുന്നു. കൂടാതെ കൊല്ലാന്‍ കൊണ്ടുപോകുമ്പോള്‍ ഒന്നരലക്ഷവും. ഈ പണം തിരിച്ചു കൊടുക്കേണ്ടിവരുമെന്ന ചിന്തയാണ് കൂട്ടുകാരനെ ഇല്ലാതാക്കാന്‍ പ്രതികളെ പ്രേരിപ്പിച്ച ഘടകമെന്നാണ് പോലീസ് പറയുന്നത്.
പണം തിരികെ നല്‍കാന്‍ നിവൃത്തിയില്ലാതെ വന്നതോടെ പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഇര്‍ഷാദിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. വിഗ്രഹം തരാമെന്ന് പറഞ്ഞ് ഇര്‍ഷാദിനെ സുഭാഷിന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയതായും തുടര്‍ന്ന് ക്ലോറോഫോം നല്‍കി ബോധരഹിതനാക്കി തലയ്ക്കു പിന്നിലടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് കണ്ടെത്തല്‍. വട്ടംകുളം സ്വദേശികളാണ് പ്രതികള്‍.
ജൂണ്‍ 11നാണ് ഇര്‍ഷാദിനെ കാണാതായത്. കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ പല തവണ ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ തെളിവ് ലഭിച്ചിരുന്നില്ല. ഇര്‍ഷാദ് അവസാനമായി വിളിച്ചത് സുഭാഷിന്റെ അധികമാര്‍ക്കും അറിയാത്ത നമ്പറിലേക്കാണെന്നു കണ്ടെതിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായതെന്നു സിഐ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും സിഐ പറഞ്ഞു. പ്രതികള്‍ നടത്തിയ പണമിടപാടുകള്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.