അയർലണ്ടിലെ ഒരു മദ്യശാലയില്‍ അടുത്തിടെ ഇറങ്ങിയ ജിന്നിന് കേരളവുമായി ചെറിയ ബന്ധമുണ്ട്. കോർക്ക് മാന്‍ റോബർട്ട് ബാരറ്റും അദ്ദേഹത്തിന്റെ ഭാര്യയും മലയാളിയുമായ ഭാഗ്യയും ചേർന്നാണ് പുതുതായി സ്ഥാപിച്ച ഡിസ്റ്റിലറിയില്‍ മഹാറാണി എന്ന പേരില്‍ ജിൻ പുറത്തിറക്കിയത്. പുതിയ ജിന്നില്‍ പാശ്താത്യ രീതികളും കേരള സംസ്കാരങ്ങളും ചേര്‍ത്താണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു.
കേരളത്തിലെ വിപ്ലവകാരികളായ സ്ത്രീകളുടെ കരുത്തിന് അഭിവാദ്യം അർപ്പിച്ചാണ് അയർലൻഡിൽ മദ്യം വിപണിയിലെത്തിയത്. ഐറിഷ് വിപ്ലവത്തിന്റെ നാട്ടിൽ രുചിക്കുന്ന ജിന്നിൽ വയനാടൻ ജാതിക്കയുടെയും ഏലയ്ക്കയുടെയും നേർത്ത സ്വാദുണ്ട്. കുപ്പിയുടെ ലേബലിൽ ‘വിപ്ലവ സ്പിരിറ്റ്’ എന്ന് മലയാളത്തിൽ എഴുതി വച്ചിരിക്കുന്ന ജിന്നിന്റെ പേര് ‘മഹാറാണി’ എന്നിട്ടിരിക്കുന്നതും കേരളത്തനിമയുമായുള്ള ബന്ധമാണ്. മലയാളിത്തം നിറഞ്ഞ ഈ വിദേശമദ്യത്തിനു പിന്നിലും മലയാളി തന്നെയാണ്. കിളികൊല്ലൂർ സമത്വമഠത്തിൽ രാജീവ് വാസവന്റെയും വിമലയുടെയും മകളാണ് ഭാഗ്യയെന്ന ഭാഗ്യലക്ഷ്മി.
ഭർത്താവ് റോബർട്ട് ബാരെറ്റിന്റെ ‘റിബൽ സിറ്റി ഡിസ്‌റ്റിലറി’യിലാണ് മദ്യം ഉൽപാദിപ്പിച്ചത്.എംബിഎ പഠിക്കാനാണു ഭാഗ്യലക്ഷ്മി 2013ൽ അയർലൻഡിലെത്തുന്നത്. അവിടെ വച്ച് ഐറിഷുകാരനായ റോബർട്ടിനെ പരിചയപ്പെട്ടു. 2017ൽ ഇരുവരും കൊല്ലത്തെത്തി വിവാഹിതരായി. കോർക്ക് നഗരത്തിൽ 4 കോടി രൂപ ചെലവിട്ട് റോബർട്ട് ഡിസ്റ്റിലറി തുടങ്ങി, അര നൂറ്റാണ്ടിനിടയിലെ ആദ്യ ഡിസ്റ്റിലറി. കഴിഞ്ഞ ജൂണിൽ ഉൽപാദനം തുടങ്ങി.
കേരളത്തിലെ സുഗന്ധദ്രവ്യങ്ങൾ ഉൾപ്പെടുത്തി ഉൽപന്നമിറക്കാമെന്നതു ഭാഗ്യലക്ഷ്മിയുടെ ആശയമായിരുന്നു.വയനാട്ടിലെ ‘വനമൂലിക’ എന്ന വനിതാ സ്വയംസഹായ സംഘവുമായി സഹകരിച്ചു ജാതിപത്രി, കറുവപ്പട്ട, ഏലം തുടങ്ങിയവ ഇറക്കുമതി ചെയ്തു ജിൻ ഉൽപാദനം തുടങ്ങി. 49 യൂറോയാണ് ഒരു കുപ്പിയുടെ വില. ‘മോക്ഷം’, ‘സർഗാത്മകത’ എന്നീ മലയാള പദങ്ങളും കുപ്പിയിലുണ്ട്. കേരളത്തനിമയുള്ള റം ആണ് അടുത്ത ലക്ഷ്യം. ജിൻ ഉണ്ടാക്കാൻ പഠിപ്പിക്കുന്ന സ്കൂളാണ് മറ്റൊരു പദ്ധതി.
അയര്‍ലണ്ടിലെ മുഴുവന്‍ മദ്യശാലകളിലും പുതിയ ഉത്പ്പന്നം പരിചയപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്നും കോവിഡ്-19 ന്റെ സാഹചര്യത്തില്‍ ഉൽപ്പന്നം ഇപ്പോൾ ഓൺലൈനിലും രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത ഓഫ്-ട്രേഡ് ഔട്ട് ലെറ്റുകളിലും റീട്ടെയിലറുകളിലും വാങ്ങാൻ സാധിക്കുമെന്നും ഇവര്‍ പറയുന്നു. ഉപഭോക്താക്കള്‍ക്ക് പുതിയ രുചി ആസ്വദിക്കാന്‍ ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ സാധിക്കുന്നതിലെ സന്തോഷവും അവര്‍ പങ്കിടുന്നുണ്ട്.
നിർഭാഗ്യവശാൽ, അയർലണ്ടിന് പുറത്ത് മഹാറാണി ജിന്‍ നിലവില്‍ ലഭ്യമല്ല. അങ്ങനെ, പുതിയ ഉത്പ്പന്നത്തിലൂടെ അയര്‍ലണ്ടില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് മലയാളത്തനിമയും മഹാറാണി ജിന്നും.