കെ.അരവിന്ദ്
ഈയിടെയായി കമ്പനികള്‍ റൈറ്റ് ഇഷ്യു നടത്തുന്നത് ധാരാളം നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്. റിലയന്‍സ് ഇന്റസ്‌ട്രീസ് നടത്തിയ റൈറ്റ് ഇഷ്യു ഓഹരി വിപണിയിലെ പ്രധാന സംഭവമായിരുന്നു. റൈറ്റ് ഇഷ്യുവിന്റെ സാങ്കേതിക വശങ്ങള്‍ നിക്ഷേപകര്‍ മനസിലാക്കിയിരിക്കേണ്ടതുണ്ട്.
ഓഹരി വിപണി വഴി ധനസമാഹരണം നടത്തുന്നതിനാണ് കമ്പനികള്‍ ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫര്‍) നടത്തുന്നത്. പ്രൊമോട്ടര്‍മാരുടെ കൈവശമുള്ള ഒരു ഭാഗം ഓഹരികള്‍ നിക്ഷേപകര്‍ക്ക് വില്‍ക്കുന്ന പ്രക്രിയയാണ് ഐപിഒയിലൂടെ നടക്കുന്നത്. ഐപിഒക്കു ശേഷം സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന കമ്പനിക്ക് വീണ്ടും ധനസമാഹരണത്തിനായി ഓഹരി വില്‍പ്പന തുടര്‍ന്നും നടത്താവുന്നതാണ്. അതിന് രണ്ട് മാര്‍ഗങ്ങളാണുള്ളത്-എഫ്‌പിഒ(ഫോളോ ഓണ്‍ പബ്ലി ക് ഓഫര്‍)യും റൈറ്റ് ഇഷ്യുവും. എഫ്‌പിഒ വഴി എല്ലാ തരം നിക്ഷേപകര്‍ക്കും ഓഹരി വാങ്ങാന്‍ സാധിക്കുമെങ്കില്‍ റൈറ്റ് ഇഷ്യു കമ്പനിയുടെ നിലവിലുള്ള ഓഹരിയുടമകള്‍ ക്ക് മാത്രമുള്ളതാണ്.
നേരത്തെ ഐപിഒ നടത്തിയ കമ്പനി കൂടുതലായി ഓഹരികള്‍ വിറ്റഴിക്കുന്നതിന് വേണ്ടി എഫ്‌പിഒ നടത്തുമ്പോള്‍ നിലവിലു ള്ള ഓഹരിയുടമകള്‍ക്കും അല്ലാത്തവര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്. എഫ്‌പിഒ വഴി വില്‍ക്കുന്ന ഓഹരിക്ക് നിശ്ചിത വിലയായിരിക്കും കമ്പനി നിശ്ചയിക്കുന്നത്. ഐ പിഒ പോലെ നിശ്ചിത സമയ പരിധിക്കുള്ളില്‍ അപേക്ഷ നല്‍കിയാല്‍ ഇത്തരം ഓഹരികള്‍ വാങ്ങാന്‍ സാധിക്കും.
ഐപിഒ വഴിയെന്ന പോലെ എഫ്‌പിഒവഴിയും ഓഹരികള്‍ വില്‍ക്കുന്നത് കമ്പനിയുടെ കടബാധ്യത കുറയ്‌ക്കുന്നതിനോ ബി സിനസ് വിപുലീകരിക്കുന്നതിനോ ആകാം. സാധാരണ നിലയില്‍ എഫ്‌പിഒ പ്രഖ്യാപിക്കുന്ന കമ്പനികളുടെ ഓഹരി വില അല്‍പ്പം താഴേക്ക് പോകുന്നത് കാണാറുണ്ട്. കാരണം മിക്കപ്പോഴും വിപണി വിലയേക്കാള്‍ താഴ്‌ന്ന വിലയ്‌ക്കായിരിക്കും എഫ്‌പിഒയിലെ ഇഷ്യു വില നിശ്ചയിക്കുന്നത്.
ലിസ്റ്റ് ചെയ്‌തിരിക്കുന്ന ഒരു കമ്പനി അതിന്റെ നിലവിലുള്ള ഓഹരിയുടമകള്‍ക്ക് പുതുതായി ഓഹരികള്‍ വാങ്ങുന്നതിനുള്ള അവകാശം നല്‍കുന്നതിനെയാണ് റൈറ്റ് ഇഷ്യു എന്നുപറയുന്നത്. നിലവില്‍ കമ്പനിയുടെ ഓഹരിക്ക് വിപണിയിലുള്ളതിനേക്കാള്‍ അല്‍പ്പം താഴ്‌ന്ന വിലയ്‌ക്കായിരിക്കും റൈറ്റ് ഇഷ്യു ചെയ്യുന്നത്. ഓഹരിയുടമ കൈവശം വെക്കുന്ന ഓഹരികളുടെ എണ്ണത്തിന് ആനുപാതികമായിട്ടായിരിക്കും റൈറ്റ് നല്‍കുന്നത്. റൈറ്റ് ഇഷ്യു വഴി ഓഹരികള്‍ വില്‍ക്കുന്നതു എഫ്‌പിഒ വഴി ധനസമാഹരണം നടത്തുന്ന രീതി ഒഴിവാക്കാന്‍ സഹായകമാകുന്നു. എഫ് പിഒയിലെ സങ്കീര്‍ണമായ പ്രക്രിയകള്‍ ഒഴിവാക്കാന്‍ റൈറ്റ് ഇഷ്യുവിന്റെ മാര്‍ഗം തേടുന്നതിലൂടെ കമ്പനികള്‍ക്ക് സാധിക്കും. മാത്രവുമല്ല, നിലവിലുള്ള ഓഹരിയുടമകള്‍ക്ക് വിലകിഴിവോടെ പുതിയ ഓഹരികള്‍ നല്‍കുന്നത് അവര്‍ക്ക് കമ്പനിയോട് കൂറുണ്ടാകുന്നതിന് സഹായകമാകും.
സാധാരണ നിലയില്‍ കമ്പനിയുടെ ഓഹരിക്ക് വിപണിയിലുള്ളതിനേക്കാള്‍ താഴ്‌ന്ന വിലയ്‌ക്കായിരിക്കും റൈറ്റ് ഇഷ്യു ചെയ്യുന്നത് എന്നതിനാല്‍ ഓഹരിയുടെ വിപണിയിലെ വിലയെ റൈറ്റ് ഇഷ്യു ബാധിക്കാറുണ്ട്. റൈറ്റ് ഇഷ്യുവിന് യോഗ്യത ലഭിക്കുന്നത് നിശ്ചിത തീയതിക്കു മുമ്പ് ഓഹരികള്‍ കൈവശം വെച്ചവര്‍ക്കു മാത്രമാണ്. ഈ തീയതിക്ക് ഓഹരി വില റൈറ്റ് ഇഷ്യുവിന്റെ വിലയ്‌ക്ക് അനുസരിച്ച് വ്യതിയാനമുണ്ടാകാന്‍ സാധ്യതയുണ്ടെന്നതിനാല്‍ റൈറ്റ് ഇഷ്യുവിന് അപേക്ഷിക്കാത്ത ഓഹരിയുടമകള്‍ക്ക് നഷ്‌ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് ഒഴിവാക്കാന്‍ വേണ്ടിയാണ് റൈറ്റ്‌സ് ഇഷ്യു അവകാശം ഓഹരികളായി നല്‍കുന്നത്. റൈറ്റ്‌സ് ഇഷ്യു കാലാവധി തീരും വരെയാണ് ഈ ഓഹരികള്‍ കൈവശമുണ്ടാവുക. റൈറ്റ്‌സ് ഇഷ്യുവില്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഈ കാലാവധിക്കുള്ളില്‍ ഈ ഓഹരികള്‍ വില്‍ക്കാന്‍ സാധിക്കും.



















