ഐ പി എല്ലിൽ വിജയം തുടർന്ന് മുംബൈ ഇന്ത്യൻസ്. രാജസ്ഥാൻ റോയൽസിനെ 57 റൺസിനാണ് മുംബൈ തോൽപ്പിച്ചത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ ക്വിന്റൺ ഡികോക്കും രോഹിത് ശർമ്മയും നൽകിയത്. സ്കോർ 49 ൽ നിൽക്കെയാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. സൂര്യകുമാർ യാദവിന്റെ മികച്ച ഇന്നിംഗ്സാണ് പിന്നീട് കണ്ടത്. രോഹിത് ശർമ്മ(35) പുറത്തായെങ്കിലും ഹർദിക് പാണ്ഡ്യ, യാദവിന് മികച്ച പിന്തുണ നൽകി. 47 പന്തിൽ 79 റൺസുമായി യാദവും 18 പന്തിൽ 30 റൺസുമായി പാണ്ഡ്യയും പുറത്താകാതെ നിന്നു. സ്കോർ: 193/4
കൂറ്റൻ വിജയലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ മൂന്ന് ഓവറിൽ തന്നെ മൂന്ന് മുൻനിര ബാറ്റ്സ്മാൻമാർ കൂടാരം കയറി. മലയാളി താരം സഞ്ജു സാംസൺ റൺസൊന്നുമെടുക്കാതെയാണ് പുറത്തായത്. ട്രെന്റ് ബോൾട്ടും ബുംറയും ചേർന്ന് രാജസ്ഥാനെ വരിഞ്ഞുമുറുക്കി. ഒരറ്റത്ത് ജോസ് ബട്ലർ ഒറ്റയ്ക്ക് പൊരുതിയെങ്കിലും ഫലമുണ്ടായില്ല. 44 ബോളിൽ 70 റൺസെടുത്ത് ബട്ലർ പുറത്തായി. പിന്നീടെല്ലാം ചടങ്ങ് മാത്രമായി. 18.1 ഓവറിൽ 136 റൺസിന് രാജസ്ഥാൻ ഓൾ ഔട്ടായി. ബുംറ നലോവറിൽ 20 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തു.



















