ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ കലാശക്കൊട്ട് കാണാന്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലുമെത്തി. സുഹൃത്ത് സമീര്‍ ഹംസയും ലാലിനൊപ്പം ഉണ്ടായിരുന്നു. ഡല്‍ഹി കാപ്പിറ്റല്‍സിനെതിരെ അഞ്ച് വിക്കറ്റിന് മുംബൈ ഇന്ത്യന്‍സ് വിജയം കൈവരിച്ചു. അഞ്ചാം തവണയാണ് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ട്രോഫി സ്വന്തമാക്കുന്നത്. ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സിന് ശേഷം എൈപിഎല്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടവും രോഹിത് ശര്‍മയുടെ മുംബൈ സ്വന്തമാക്കി.
156 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ, എട്ട് പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കിയാണ് വിജയം കൈവരിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ അര്‍ധസെഞ്ചുറി ഏറെ നിര്‍ണായകമായി. ഓപ്പണറായെത്തിയ രോഹിത് 45 പന്തില്‍ 6 ഫോര്‍, 7 സിക്‌സ് ഉള്‍പ്പെടെ 73 റണ്‍സ് (നോട്ട്ഔട്ട്) നേടുകയായിരുന്നു. ക്വിന്റന്‍ ഡികോക്ക് 12 പന്തില്‍ 20 റണ്‍സ്, സൂര്യകുമാര്‍ 20 പന്തില്‍ 19, ഇഷാന്‍ കിഷന്‍ 19 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും വീതം 33 റണ്‍സ് (നോട്ട്ഔട്ട്) എന്നിവ വിജയത്തില്‍ നിര്‍ണായ പങ്കുവഹിച്ചു. കീറണ്‍ പൊള്ളാര്‍ഡ് (നാലു പന്തില്‍ ഒന്‍പത്), ഹാര്‍ദിക് പാണ്ഡ്യ (അഞ്ച് പന്തില്‍ മൂന്ന്) എന്നിവരുടെ പ്രകടനം മാത്രമാണ് നിരാശപ്പെടുത്തിയത്.