ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം. പത്ത് റൺസിനാണ് കൊൽക്കത്തയുടെ വിജയം.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ 167 റൺസിന് പുറത്തായി. സുനിൽ നരെയ്ന് പകരം ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ രാഹുൽ ത്രിപാഠിയുടെ ഇന്നിംഗ്സാണ് കൊൽക്കത്തയെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 51 ബോളിൽ 81 റൺസെടുത്താണ് ത്രിപാഠി പുറത്തായത്. കൊൽക്കത്ത നിരയിലെ രണ്ടാമത്തെ ഉയർന്ന സ്കോറർമാർ സുനിൽ നരെയ്നും പാറ്റ് കമ്മിൻസുമാണ്. ഇരുവരും ഒമ്പത് ബോളിൽ നിന്ന് 17 റൺസ് വീതം നേടി.
168 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈയ്ക്ക് ഫാഫ് ഡുപ്ലെസിസിന്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. ഫോം തുടർന്ന ഷെയ്ൻ വാട്സനും അമ്പാട്ടി റായ്ഡുവും ചേർന്ന് ചെന്നൈയെ മുന്നോട്ട് നയിച്ചു. എന്നാൽ 27 ബോളിൽ 30 റൺസെടുത്ത് റായ്ഡു പുറത്തായി. അർദ്ധ സെഞ്ച്വറി (40 ബോളിൽ 50) പിന്നിട്ടയുടൻ വാട്സനും ഔട്ടായി. നാലാമനായി ഇറങ്ങിയ ക്യാപ്റ്റൻ ധോനിയും പുറത്തായതോടെ ചെന്നൈ പ്രതിസന്ധിയിലായി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ സാം കറനും പുറത്തായതോടെ ചെന്നൈ തോൽവി മണത്തു. ആറാം വിക്കറ്റിൽ ജഡേജയും ജാദവും ഒത്തുചേർന്നെങ്കിലും സ്കോറിംഗിന് വേഗമുണ്ടായില്ല. അവസാന ഓവറിൽ ജയിക്കാൻ 26 റൺസ് വേണ്ടിയിരുന്ന ചെന്നൈയ്ക്ക് 15 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അഞ്ചിന് 157 റൺസിൽ ചെന്നൈയുടെ ഇന്നിംഗ്സ് അവസാനിച്ചു. കൊൽക്കത്തയ്ക്ക് പത്ത് റൺസിന്റെ ജയം.