ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ശനിദശ തുടരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനോടാണ് ഇത്തവണ തോറ്റത്. ഏഴ് റൺസിനായിരുന്നു ഹൈദരാബാദിന്റെ ജയം. ചെന്നൈയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. യുവതാരം പ്രിയം ഗാർഗ് ഹൈദരാബാദിനായി അർദ്ധ സെഞ്ച്വറി നേടി.51(26). അഭിഷേക് 31(23) ഗാർഗിന് മികച്ച പിന്തുണ നൽകി.
താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ചെന്നൈയുടെ ഓപ്പണർമാർ തുടക്കത്തിൽ റൺസ് കണ്ടെത്താൻ വിഷമിച്ചു. ഫോം നഷ്ടപ്പെട്ട ഷെയ്ൻ വാട്സൺ ഒരിക്കൽ കൂടി പരാജയമായി. മികച്ച ഫോമിൽ കളിച്ചിരുന്ന ഫാഫ് ഡുപ്ലെസിസ് റൺ ഔട്ട് ആയത് തിരിച്ചടിയായി. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന എം എസ് ധോനിയും രവീന്ദ്ര ജഡേജയും ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. 35 ബോളിൽ 50 റൺസെടുത്ത ജഡേജ പതിനെട്ടാം ഓവറിൽ പുറത്തായി. അവസാന രണ്ടോവറിൽ 44 റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്. അവസാന ഓവറിൽ 28 റൺസും.
സ്പിന്നർ സമദാണ് അവസാന ഓവർ എറിഞ്ഞത്. ധോനി ക്രീസിൽ ഉണ്ടായിട്ടും ചെന്നൈയ്ക്ക് ലക്ഷ്യത്തിലെത്താനായില്ല. ഒടുവിൽ ചെന്നൈയുടെ ഇന്നിംഗ്സ് അഞ്ചിന് 157 ൽ അവസാനിച്ചു. ഹൈദരാബാദിന് ഏഴ് റൺസിന്റെ ജയം. 36 പന്തിൽ 47 റൺസെടുത്ത് ധോനി പുറത്താകാതെ നിന്നു.