ആവേശം അലതല്ലിയ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സൂപ്പർ ഓവറിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ജയം. ടൂർണമെൻ്റിൽ ബാംഗ്ലൂരിൻ്റെ രണ്ടാം ജയമാണിത്.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ 201 റൺസ് അടിച്ചുകൂട്ടി. ആരോൺ ഫിഞ്ച്, ദേവദത്ത് പടിക്കൽ, എ ബി ഡിവിലിയേഴ്സ് എന്നിവർ ബാംഗ്ലൂരിനായി അർദ്ധ സെഞ്ച്വറി നേടി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈയ്ക്ക് 58 ബോളിൽ 99 റൺസ് നേടിയ ഇഷാൻ കിഷൻ്റെ ഇന്നിംഗ്സാണ് നട്ടെല്ലായത്. പൊള്ളാർഡിൻ്റെ വെടിക്കെട്ട് മുംബൈയെ ലക്ഷ്യത്തിലേയ്ക്ക് അടുപ്പിച്ചു. അവസാനഓവറിൽ 19 റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്. അവസാനബോളിൽ അഞ്ച് റൺസും. ബൗണ്ടറി നേടി പൊള്ളാർഡ് മത്സരം സമനിലയിലാക്കിയതോടെ വിജയികളെ നിശ്ചയിക്കാൻ സൂപ്പർ ഓവർ വേണ്ടി വന്നു.
സൂപ്പർ ഓവറിൽ മുംബൈയാണ് ആദ്യം ബാറ്റ് ചെയ്തത്. നവ്ദീപ് സെയ്നി എറിഞ്ഞ ഓവറിൽ ഏഴ് റൺസ് മാത്രമാണ് മുംബൈയ്ക്ക് നേടാനായത്. എട്ട് റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ബാംഗ്ലൂരിനെതിരെ ബുംറയാണ് പന്തെറിഞ്ഞത്. നാലാം ബോളിൽ ഡിവിലിയേഴ്സ് ബൗണ്ടറി നേടി. അവസാന ബോളിൽ ഒരു റൺസാണ് വേണ്ടിയിരുന്നത്. ബൗണ്ടറിയടിച്ച് നായകൻ വിരാട് കോഹ്ലി ബാംഗ്ലൂരിനെ വിജയതീരത്ത് എത്തിച്ചു.




















