ഡല്‍ഹി: ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളായ സിംഗു, ഗാസിപൂര്‍, തിക്രി എന്നിവിടങ്ങളില്‍ രണ്ടു ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരങ്ങളുടെ ശക്തികേന്ദ്രങ്ങളാണ് ഡല്‍ഹിയിലെ അതിര്‍ത്തി പ്രദേശങ്ങള്‍.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് കര്‍ഷകര്‍ ആഴ്ച്ചകളായി ഇവിടങ്ങളില്‍ സമരത്തിലാണ്. റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ കിസാന്‍ പരേഡ് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പ്രക്ഷോഭകര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. ഒരു കര്‍ഷകന്‍ മരിക്കുകയും പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ചൊവ്വാഴ്ചത്തെ അക്രമങ്ങള്‍ക്കു പിന്നാലെ ഉത്തര്‍പ്രദേശ്, ഡല്‍ഹി അതിര്‍ത്തിയായ ഗാസിപൂരില്‍ നിന്നും സമരക്കാരെ ഒഴിപ്പിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനു ശേഷം പ്രദേശത്ത് നിരന്തരമായി വൈദ്യുതി വിച്ഛേദിക്കുകയും ജല വിതരണം അവസാനിപ്പിക്കുകയും ചെയ്തു.