യുഇഎയിലെ ടെലികോം സേവന ദാതാക്കളായ ഇത്തിസലാത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് തടസം നേരിട്ടത്
ദുബായ് : യുഎഇയിലാകെ ഇന്റര്‍നെറ്റ്, ടെലികോം സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടത് വെള്ളിയാഴ്ച പുലര്‍ച്ചയോടെ പരിഹരിച്ചു.
വ്യാഴാഴ്ച രാത്രിയാണ് ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്ക് വലിയതോതില്‍ തടസ്സം നേരിട്ടത്.
രാജ്യത്തെ എല്ലാ ടെലികോം സേവനങ്ങള്‍ക്കും പുനസ്ഥാപിച്ചതായി ഇത്തിസലാത്ത് സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു.
വ്യാഴാഴ്ച വൈകുന്നേരത്തോടെ പലര്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങളില്‍ തടസ്സം നേരിട്ടിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചയോടെ സേവനങ്ങള്‍ സാധാരണ നിലയിലായി.
ഇന്റര്‍നെറ്റ് സേവനങ്ങളില്‍ ഭാഗിക തടസം നേരിട്ടതിന് കാരണം സാങ്കേതികമായ ചില കാരണങ്ങളാണെന്നും വൈകാതെ പരിഹരിക്കാനായതില്‍ ആശ്വാസമുണ്ടെന്നും ഇത്തിസലാത്ത് അധികൃതര്‍ പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കും വരെ ക്ഷമയോടെ സഹകരിച്ച തങ്ങളുടെ ഉപഭോക്താക്കളോട് നന്ദിയുണ്ടെന്നും ഇത്തിസലാത്ത് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും തങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങളില്‍ തടസം നേരിടുന്നതായി ആയിരക്കണക്കിന് ഉപഭോക്താക്കള്‍ അറിയിച്ചിരുന്നു.
രാത്രി വൈകിയ സമയത്തായിരുന്നതിനാല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടത് തൊഴിലിടങ്ങളേയും വ്യാപാരങ്ങളേയും കാര്യമായി ബാധിച്ചില്ല. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സാധാരണ നിലയിലായത് യുഎഇ നെറ്റിസണ്‍സിന് ആശ്വാസമായി.