കെ.അരവിന്ദ്
ഒരു നിശ്ചിത തുക വരെയുള്ള ആശുപത്രി ചെലവുകള്‍ക്ക് പരിരക്ഷ നല്‍കുന്ന രീതിയിലാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ രൂപപ്പെടുത്തിയിട്ടുള്ളതെങ്കിലും മുറി വാടക, പോലുള്ള ചെലവുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ പരിധി കവിഞ്ഞുള്ള ചെലവുകള്‍ പോളിസി ഉടമ തന്നെ വഹിക്കേണ്ടി വരും. ക്ലെയിം ഉണ്ടാകുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് വഹിക്കേണ്ടി വരുന്ന ബാധ്യത പരിമിതപ്പെടുത്താനാണ് ഇത്തരം പരിധികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മുറിവാടക സംബന്ധിച്ച പരിധി ഇന്‍ഷുറന്‍സ് ക്ലെയിമിനെ നിര്‍ണയിക്കുന്ന പ്രധാന വ്യവസ്ഥയാണ്. അതുകൊണ്ടുതന്നെ ഇതു സംബന്ധിച്ച പോളിസിയിലെ നിബന്ധനകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പല പോളിസികളിലും സം ഇന്‍ഷൂര്‍ഡ് തുകയുടെ നിശ്ചിത ശതമാനമാണ് മുറിവാടകയായി പരമാവധി അനുവദിക്കുന്നത്. ഉദാഹരണത്തിന് സം ഇന്‍ഷൂര്‍ഡ് തുകയുടെ ഒരു ശതമാനമാണ് പ്രതിദിന മുറി വാടകയായി പ രിധി കല്‍പ്പിച്ചിട്ടുള്ളതെന്നിരിക്കട്ടെ.
വാടക ഈ പരിധിക്ക് മുകളില്‍ വന്നാല്‍ പരിധിക്ക് മുകളിലുള്ള തുക പോളിസി ഉടമ സ്വന്തം നിലയില്‍ വഹിക്കേണ്ടി വരും. ഒരു ലക്ഷം രൂപ സം ഇന്‍ഷൂര്‍ഡുള്ള പോളിസിയാണെങ്കില്‍ മുറിവാടക ആയിരം രൂപയില്‍ കൂടുതലായാല്‍ പോളിസി ഉടമ അധികം വരുന്ന തുക സ്വന്തം കൈയില്‍ നിന്ന് നല്‍കേണ്ടിവരും. അന്തിമ ബില്ലില്‍ വരുന്ന മറ്റ് ചെലവുകളുടെയും ഒരു ഭാഗം ആനുപാതികമായി പോളിസി ഉടമ നല്‍കേണ്ടിവരും.
മുറിവാടക സംബന്ധിച്ച പരിധി എങ്ങനെയാണ് ക്ലെയിമില്‍ പ്രതിഫലിക്കുന്നതെന്ന് നോക്കാം. ആശുപത്രികളില്‍ ഏത് തരം മുറിയാണ് എടുത്തതെന്നതിനെ ആശ്രയിച്ചാണ് വാടക, പരിശോധനയ്‌ക്കുള്ള ഫീസ്, സര്‍ജറി ചെലവ്, നഴ്‌സിംഗ് ഫീസ്, മറ്റു ചെലവുകള്‍ തുടങ്ങിയവ കണക്കാക്കുന്നത്. മുറി വാടക പരിധിക്ക് മുകളിലേക്ക് പോയാല്‍ മൊത്തം ക്ലെയിം തുകയുടെ നിശ്ചിത പരിധിവരെ മാത്രമേ ഇന്‍ഷുറന്‍സ് കമ്പനി നല്‍കുകയുള്ളൂ.
ഉദാഹരണത്തിന് നിങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ സം ഇന്‍ഷൂര്‍ഡുള്ള പോളിസിയാണുള്ളതെന്നും മുറി വാടകയുടെ പരിധി സം ഇന്‍ഷൂര്‍ഡ് തുകയുടെ ഒരു ശതമാനമാണെന്നുമിരിക്കട്ടെ. അതായത് 3000 രൂപയാണ് നിങ്ങള്‍ ക്ക് വാടക ഇനത്തില്‍ പരമാവധി ക്ലെയിം ചെയ്യാവുന്നത്. അതേസമയം ആശുപത്രിയില്‍ ലഭിച്ചത് 4000 രൂപ വാടകയുള്ള മുറിയാണെന്ന് കരുതുക. ഓരോ ദിവസത്തെയും വാടക ഇനത്തില്‍ അധികം വരുന്ന ആയിരം രൂപ നിങ്ങള്‍ സ്വന്തം കൈയില്‍ നിന്ന് നല്‍കേണ്ടി വരും. മൊത്തം ബില്‍ തുക മൂന്ന് ലക്ഷം രൂപയാണെങ്കില്‍ അതിലും ആനുപാതികമായ ക്ലെയിം മാത്രമായിരിക്കും ലഭിക്കുന്നത്. മുറി വാടകയുടെ പരിധി കണക്കിലെടുത്ത് 2.25 ലക്ഷം രൂപ മാത്രമേ ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം അനുവദിക്കുകയുള്ളൂ. ബാക്കി 75,000 രൂപ സ്വന്തം കൈയില്‍ നിന്ന് നല്‍കേണ്ടിവരും.
മുറിവാടക സംബന്ധിച്ച പരിധി ഏര്‍പ്പെടുത്തിയിട്ടില്ലാത്ത പോളിസികള്‍ വിപണിയില്‍ ലഭ്യമാണ്. അതേസമയം പല കമ്പനികളുടെയും പോളിസികളില്‍ സം ഇന്‍ഷൂര്‍ഡ് തുകക്ക് അനുസരിച്ച് പരിധി സംബന്ധിച്ച വ്യവസ്ഥകളും മാറുന്നു. നിശ്ചിത സം ഇന്‍ഷൂര്‍ഡ് തുക വരെ പരിധി ഏര്‍പ്പെടുത്തുകയും അതിന് മുകളില്‍ പരിധി ഏര്‍പ്പെടുത്താതിരിക്കുകയും ചെയ്യുകയാണ് മിക്ക കമ്പനികളും.
ചില കമ്പനികള്‍ അഞ്ച് ലക്ഷം രൂപക്ക് താഴെ സം ഇന്‍ഷൂര്‍ഡ് തുകയുള്ള പോളിസികളില്‍ പരിധി ഏര്‍പ്പെടുത്തുമ്പോള്‍ അഞ്ച് ലക്ഷം രൂപയോ അതിന് മുകളിലോ സം ഇന്‍ഷൂര്‍ഡുള്ള പോളിസികളില്‍ മുറി വാടക സംബന്ധിച്ച പരിധി വെക്കുന്നില്ല.