തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ പേരിലെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ സിബിഐ അന്വേഷണം തുടങ്ങി. മരണത്തിന് എട്ട് മാസങ്ങള്‍ക്ക് മുമ്പെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിക്ക് പിന്നാലെയാണ് സിബിഐയുടെ അന്വേഷണം. പോളിസി രേഖകളിലെ ബാലഭാസ്‌കറിന്റെ കൈയ്യൊപ്പ് വ്യാജമാണെന്നാണ് ബന്ധുക്കളുടെ പരാതി. അപേക്ഷാ ഫോമിലെ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയതിനാല്‍ പോളിസി തുക ഇന്‍ഷുറന്‍സ് കമ്പനി തടഞ്ഞു വെച്ചിരിക്കുകയാണ്.
ബാലഭാസ്‌കര്‍ മരിക്കുന്നതിന് എട്ട് മാസം മുമ്പാണ് 82 ലക്ഷം രൂപയുടെ പോളിസി എടുത്തിരുന്നത്. പോളിസി രേഖകളില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി വിഷ്ണുവിന്റെ മൊബൈല്‍ നമ്പരും ഇമെയില്‍ അഡ്രസ്സുമാണ് ഉളളത്. വിഷ്ണുവിന്റെ സുഹൃത്തായ ഇന്‍ഷുറന്‍സ് ഡവലപ്‌മെന്റ് ഓഫീസര്‍ മുഖേനയാണ് പോളിസിയെടുത്തിരിക്കുന്നത് എന്ന് സിബിഐ കണ്ടെത്തി. ഐആര്‍ഡിഎ ചട്ടങ്ങള്‍ ലംഘിച്ച് പ്രീമിയം ഇന്‍ഷുറന്‍സ് ഡവലപ്‌മെന്റ് ഓഫീസറിന്റെ ബാങ്ക് അക്കൌണ്ട് വഴിയാണ് അടച്ചത്. സംശയങ്ങള്‍ ബലപ്പെട്ട സാഹചര്യത്തിലാണ് പ്രീമിയം ആര് അടച്ചുവെന്ന തിലും എങ്ങനെ അടച്ചുവെന്നതിലും സിബിഐ അന്വേഷണം ശക്തമാക്കിയത്.











