അബുദാബി: ദേശീയ പതാകയെ അവഗണിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ. ദേശീയ പതാകയെ അപമാനിക്കുകയോ ദുരുപയോഗിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികളാണ് മന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് 25 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ. യുഎഇ പതാകയെ പരസ്യമായി അല്ലെങ്കില്‍ ഏതെങ്കിലും പൊതുസ്ഥലത്ത് വെച്ച് അപമാനിക്കുകയോ ദുരുപയോഗിക്കുകയോ ചെയ്യുന്നവരും പിഴക്ക് ഉത്തരവാദികളാണെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂട്ടര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
1971 ലെ ഫെഡറല്‍ നിയമത്തിലെ നമ്പര്‍ 2 ലെ ആര്‍ട്ടിക്കിള്‍ (3) അനുസരിച്ച് യൂണിയന്‍ പതാക ഉപേക്ഷിക്കുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ ഏതെങ്കിലും വിധത്തില്‍ അപമാനിക്കുകയോ ചെയ്യുന്ന ഏതൊരാള്‍ക്കും 10 വര്‍ഷത്തില്‍ കുറയാത്തതും 25 ല്‍ കൂടാത്തതുമായ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. ഈ നിയമമാണ് ഇപ്പോള്‍ കടുപ്പിച്ചിരിക്കുന്നത്. തടവ് ശിക്ഷയോടൊപ്പം ഇനി മുതല്‍ പിഴയും നല്‍കേണ്ടി വരും. മറ്റു രാജ്യങ്ങളുടെ ദേശീയ പതാക ദുരുപയോഗം ചെയ്താലും ശിക്ഷയുണ്ടാകും. ട്വിറ്ററിലൂടെയും മറ്റും ഇതുസംബന്ധിച്ച ബോധവത്കരണം നടക്കുകയാണ്.