കൊച്ചി: കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികള്‍ മാളില്‍ കയറിയത് കോവിഡ് രജിസ്റ്ററില്‍ പേരും മൊബൈല്‍ നമ്പരും നല്‍കാതെ. മറ്റൊരാള്‍ക്കൊപ്പമെന്ന വ്യാജേനയാണ് ഇരുവരും മാളില്‍ പ്രവേശിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ആലുവ മുട്ടത്തേക്ക് ഇരുവരും മെട്രോയിലാണ് മടങ്ങിപ്പോയത്. മുട്ടം സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. കേസില്‍ വിനതാ കമ്മീഷന്‍ നടിയില്‍ നിന്നും മൊഴിയെടുക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തനിക്ക് അപമാനമേറ്റ വിവരം വെളിപ്പെടുത്തിയത്. കുടുംബത്തിനൊപ്പം കൊച്ചിയിലെ ഷോപ്പിങ് മാളില്‍ എത്തിയപ്പോഴാണ് തനിക്ക് ഈ മോശം അനുഭവമുണ്ടായതെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.