തിരുവനന്തപുരം: നെയ്യാര്‍ ഡാം പോലീസ് സ്റ്റേഷനില്‍ പരാതിക്കാരനെയും മകളെയും എ.എസ്.ഐ അധിക്ഷേപിച്ച സംഭവത്തില്‍ റേഞ്ച് ഡിഐജി ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എ.എസ്.ഐ ഗോപകുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗോപകുമാര്‍ പോലീസ് സേനയുടെ യശസ്സിന് കളങ്കം വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥനെ നല്ല നടപ്പ് പരിശീലനത്തിന് അയക്കണമെന്നും ഡിഐജി ശുപാര്‍ശ ചെയ്തു.
ഗോപകുമാര്‍ സുദേവിന്റെ പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനല്ല. മേലുദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് ഗോപകുമാര്‍ അധിഷേധിപ്പിച്ചത്. ഇതിനാല്‍ മേലുദ്യോഗസ്ഥര്‍ക്കെതിരെ പ്രത്യേക അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ റേഞ്ച് ഡിഐജി ശുപാര്‍ശ ചെയ്തു. റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരിദ്ദിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവത്തില്‍ അന്വേഷണവും കൂടുതല്‍ നടപടികളും ആവശ്യപ്പെട്ട് പരാതിക്കാരനായ സുദേവന്‍ നെടുമങ്ങാട് ഡി.വൈ.എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് നെടുമങ്ങാട് ഡി.വൈ.എസ്.പി അറിയിച്ചു.
കുടുംബ പ്രശ്‌നത്തില്‍ പരാതി നല്‍കാനെത്തിയ സുദേവനെയും മകളെയും കഴിഞ്ഞ വ്യാഴാഴ്ചയാണ് നെയ്യാര്‍ ഡാം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാര്‍ അധിക്ഷേപിച്ചത്. ഇതിന്റെ വീഡിയോ വിവാദമായതിന് പിന്നാലെ ഗോപകുമാറിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.











