അദ്ധ്യാപകദിനത്തോടനുബന്ധിച്ച് ഗുരുനാഥര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിന് അവസരമൊരുക്കി ഭാരതീയ തപാല്‍ വകുപ്പ്. അദ്ധ്യാപകരെ ആദരിക്കാനും അനുമോദിക്കാനുമുള്ള ഇ-പോസ്റ്റ് പ്രചാരണത്തിനാണ് തപാല്‍വകുപ്പ് അവസരമൊരുക്കുന്നത്. നമ്മുടെ ഭാവി കരുപ്പിടിപ്പിക്കാനായി പ്രചോദിപ്പിക്കുകയും അതിന് വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്ത ഗുരുനാഥര്‍ക്ക് വേണ്ടി ഈ മാസം ഒന്നുമുതല്‍ നാലുവരെയാണ് ഇ-പോസ്റ്റ് അയക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതെന്ന് ചീഫ് പോസ്റ്റ്മാസ്റ്റർ ജനറല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
അദ്ധ്യാപകദിനമായ സെപ്റ്റംബര്‍ അഞ്ചിന് അദ്ധ്യാപകരുടെ കൈകളില്‍ ഇത് എത്തിക്കും. ഗുരുനാഥര്‍ക്ക് ആദരവ് അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും ഈ അവസരം ഉപയോഗിക്കാം. താൽപര്യമുള്ളവർ എ4 വലിപ്പത്തിലുള്ള കടലാസില്‍ പരമാവധി 300 വാക്കുകളിൽ കവിയാത്ത സന്ദേശം എഴുതി അടുത്തുള്ള തപാല്‍ ഓഫീസില്‍ ചെന്നാൽ അവ ഇ-പോസ്റ്റായി അയക്കാം. കത്തൊന്നിന് പത്തുരൂപയാണ് നിരക്ക്. കത്തു ലഭിക്കേണ്ട അദ്ധ്യാപകന്റെ മേല്‍വിലാസം കൃത്യമായി രേഖപ്പെടുത്തണം. അതോടൊപ്പം അയക്കുന്ന വ്യക്തിയുടെ പേരും ഫോണ്‍നമ്പരും കൂടി ഉള്‍പ്പെടുത്തണം.
ഈ കത്തുകള്‍ ഇലക്‌ട്രോണിക് രൂപത്തില്‍ വിലാസത്തിലുള്ള തപാല്‍ ഓഫീസുകളിലേക്ക് എത്തിച്ചുകൊടുക്കും. അവിടെ നിന്ന് അതിന്റെ പകര്‍പ്പെടുത്ത് വിലാസക്കാരനായ ഗുരുനാഥന് അദ്ധ്യാപകദിനത്തിന് മുമ്പായി ഈ സന്ദേശം എത്തിച്ചുകൊടുക്കുകയും ചെയ്യും. ജീവിതത്തിന്റെ മുന്നോട്ടുള്ള വഴികളില്‍ തങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശികളായ അദ്ധ്യാപകർ ഓര്‍മ്മിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള അവസരമായി ഇത് ഉപയോഗിക്കാമെന്നും ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ പത്രക്കുറിപ്പിൽ വ്യക്തമാക്കി.


















