മസ്കത്ത്: പ്രവാസി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ അനുമതി ലഭിച്ചവരില്‍ സാധുവായ പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാമെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു. ബി.എല്‍.എസ് ഓഫിസുകളിലാണ് അപേക്ഷ നല്‍കേണ്ടത്. പൊതുമാപ്പില്‍ മടങ്ങുന്നവരുടെ സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ഫീസ്, കമ്യൂണിറ്റി വെല്‍ഫെയര്‍ ചാര്‍ജുകള്‍, ബി.എല്‍.എസ് സേവന ഫീസ് തുടങ്ങിയവ ഒഴിവാക്കി നല്‍കിയിട്ടുണ്ട്.ആവശ്യമുള്ളവര്‍ക്ക് വേണമെങ്കില്‍ ഫോറം ഫില്‍ ചെയ്യാനും, ഫോട്ടോയെടുക്കുന്നതിനുമൊക്കെയായി ബി.എല്‍.എസ് ഓഫിസുകളില്‍ ഒരുക്കിയിട്ടുള്ള സംവിധാനം ഉപയോഗിക്കാം. ഇതിന് പരമാവധി രണ്ട് റിയാല്‍ മാത്രമാണ് വരുകയെന്നും എംബസി അറിയിച്ചു.
പൊതുമാപ്പില്‍ മടങ്ങാന്‍ താല്‍പര്യമുള്ളവര്‍ ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപേക്ഷിക്കണം. തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചവരില്‍ സാധുവായ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ ടിക്കറ്റെടുത്ത് പി.സി.ആര്‍ പരിശോധനയും നടത്തിയ ശേഷം മടങ്ങാം. അല്ലാത്തവര്‍് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണം്. ‘വെയ്റ്റിങ് ഫോര്‍ കംപ്ലീഷന്‍ ഓഫ് ഡിപ്പോര്‍ട്ടേഷന്‍’ എന്ന അറിയിപ്പ് ലഭിക്കുന്നവര്‍ക്കെല്ലാം അനുമതി ലഭിച്ചുവെന്നതാണ് അര്‍ഥം. മസ്‌കത്തിലെ ബി.എല്‍.എസ് ഓഫിസിന് പുറമെ സലാല, നിസ്‌വ, ദുകം, സൂര്‍, സുഹാര്‍, ഇബ്രി, ബുറൈമി, ഷിനാസ്, ഖസബ് തുടങ്ങിയ സ്ഥലങ്ങളിലെ ഗ്ലോബല്‍ മണി എക്‌സ്‌ചേഞ്ച് ഓഫിസിന്റെ കലക്ഷന്‍ സെന്ററുകളിലും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കാം.
സാക്ഷ്യപത്രത്തിന് പുറമെ കാലാവധി കഴിഞ്ഞതോ മറ്റുമായ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ അതിന്റെ കോപ്പിയും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടി അംഗീകൃത സാമൂഹിക പ്രവര്‍ത്തകര്‍ക്ക് അപേക്ഷകള്‍ മൊത്തമായി വാങ്ങി എത്തിച്ച് നല്‍കുകയും ചെയ്യാവുന്നതാണ്. അപേക്ഷകന്റെയും ബന്ധപ്പെട്ട മേഖലകളിലെ എംബസി ഓണററി കോണ്‍സുലാര്‍ ഏജന്റിന്റെയും ഒപ്പ് അപേക്ഷകളില്‍ വേണം. അപേക്ഷകളുടെ എണ്ണമനുസരിച്ച് മൂന്ന് മുതല്‍ നാല് ദിവസത്തിനുള്ളില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. പൊതുമാപ്പ് അവസാനിക്കുന്ന ഡിസംബര്‍ 31 വരെ ഈ സംവിധാനം ലഭ്യമായിരിക്കും.