റഷ്യയ്‌ക്കെതിരെ നാറ്റോ ഉപരോധം നിലനില്‍ക്കെ കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങാന്‍ ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ കരാറിലൊപ്പുവെച്ചു
ന്യൂഡെല്‍ഹി : യുക്രെയിനെതിരായ യുദ്ധം മൂലം യുഎസിന്റേയും യൂറോപ്പിന്റെ ഉപരോധം നേരിടുന്ന റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ക്രൂഡോയില്‍ വാങ്ങാന്‍ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ കരാറിലൊപ്പുവെച്ചു.
കരാര്‍ പ്രകാരം മുപ്പതു ലക്ഷം ബാരല്‍ എണ്ണയാണ് കുറഞ്ഞ വിലയ്ക്ക് ലഭിക്കുക. വിപണി വിലയേക്കാള്‍ 20-25 ഡോളര്‍ കുറഞ്ഞ തുകയ്ക്കാണ് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ ക്രൂഡോയില്‍ വാങ്ങിക്കുക.
റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നതിനെതിരെ യുഎസ് എതിര്‍ത്തിട്ടില്ലെങ്കിലും അതൃപ്തി രേഖപ്പെടുത്തി. ഇന്ത്യയുടെ തീരുമാനം നാറ്റോ രാജ്യങ്ങളുടെ ഉപരോധങ്ങളുടെ ലംഘനമല്ലെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, യുക്രെയിന്‍ അധിനിവേശത്തെ കുറിച്ച് ചരിത്രം രേഖപ്പെടുത്തുമ്പോള്‍ നിങ്ങളുടെ സ്ഥാനം എവിടെയാകുമെന്ന് ചിന്തിക്കണമെന്ന് യുഎസ് ഇന്ത്യയെ ഓര്‍മിപ്പിച്ചു.
അതേസമയം, എണ്ണ റിസര്‍വ് അധികമുള്ള രാജ്യങ്ങള്‍ തങ്ങളെ ഇക്കാര്യത്തില്‍ ഉപദേശിക്കരുതെന്ന് ഇന്ത്യ തിരിച്ചടിച്ചു. തങ്ങളുടെ രാജ്യത്തിന്റെല ഊര്‍ജ്ജാവശ്യങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും റഷ്യയില്‍ നിന്നും ഫ്രാന്‍സ് ഉള്‍പ്പടെയുള്ള നാറ്റോ സഖ്യ രാജ്യങ്ങള്‍ ഇപ്പോഴും ക്രൂഡോയില്‍ വാങ്ങുന്നത് ചൂണ്ടിക്കാട്ടി ഇന്ത്യ പറഞ്ഞു.
റഷ്യയില്‍ നിന്നും കുറഞ്ഞ അളവില്‍ മാത്രമാണ് ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നത്. മാര്‍ച്ചില്‍ ഇതേവരെയുള്ള കണക്കനുസരിച്ച് പ്രതിദിനം ശരാശരി 360,000 ബാരല്‍ ക്രൂഡോയിലാണ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി.
ഇന്ത്യയുടെ ക്രൂഡോയില്‍ ആവശ്യകതയില്‍ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ദിവസവും 50 ലക്ഷം ബാരലാണ് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍. ക്രൂഡോയില്‍ വില കുറഞ്ഞ അവസരങ്ങളില്‍ കൂടുതല്‍ ഇറക്കുമതി ചെയ്ത് സംഭരിക്കുന്ന പതിവും ഇന്ത്യ അടുത്തിടെ തുടങ്ങിയിരുന്നു.
ഇന്ത്യയുടെ ക്രുൂഡോയില്‍ ഇറക്കുമതിയില്‍ 23 ശതമാനവും ഇറാഖില്‍ നിന്നാണ്, സൗദി 18, യുഎഇ 11 യുഎസ് 7.3 ശതമാനം എന്നിങ്ങനെയാണ് ഇതര രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി.
വെനിസ്വേല, ഇറാന്‍ എന്നീ രാജ്യങ്ങളും കുറഞ്ഞ വിലയില്‍ ക്രൂഡോയില്‍ വില്‍ക്കുന്നുണ്ടെങ്കിലും യുഎസ് ഉപരോധത്തെ തുടര്‍ന്ന് ഇവിടങ്ങളില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നില്ല.
ആഗോള രാഷ്ട്രീയ നിലപാടുകള്‍ മൂലം ഇന്ത്യയ്ക്ക് തങ്ങളുടെ രാജ്യത്തിന്റെ ഊര്‍ജ്ജ താല്‍പര്യങ്ങള്‍ ബലികഴിക്കേണ്ടി വരുന്നതായും റഷ്യ പോലുള്ള പതിറ്റാണ്ടുകളായി സൗഹൃദമുള്ള രാജ്യത്തിനെതിരെ ഉപരോധം ഉണ്ടെങ്കിലും ഇറക്കുമതി ഒഴിവാക്കാനാവില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
യുക്രയിന്‍ യുദ്ധം മൂലം ക്രൂഡോയില്‍ വില കുതിച്ചുയര്‍ന്നത് തങ്ങളുടെ സമ്പദ് വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കുന്നതാണ്. വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ക്രൂഡോയില്‍ ലഭിക്കുമ്പോള്‍ അത് നിരസിക്കാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നു.
റഷ്യയും ഇന്ത്യയും തമ്മില്‍ സര്‍ക്കാര്‍ തലത്തില്‍ ക്രൂഡോയില്‍ കരാര്‍ ഒന്നും നിലവില്ല, ഇപ്പോഴത്തേത് കമ്പനികള്‍ തമ്മിലുള്ള കരാറാണെന്ന് ഇന്ത്യ വിശദമാക്കി.
റഷ്യയുടെ പ്രകൃതി വാതകത്തിന്റെ 75 ശതമാനവും ജര്‍മനി, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലേക്കാണ്, ക്രൂഡോയില്‍ കയറ്റുമതിയും നെതര്‍ലാന്‍ഡ്‌സ്, പോളണ്ട്, ഫിന്‍ലാന്‍ഡ്, ലിത്വാനിയ, റൊമാനിയ എന്നീ രാജ്യങ്ങളിലേക്കാണുള്ളത്. ഉപരോധ സമയത്തും ഈ രാജ്യങ്ങളില്‍ പലതും റഷ്യയില്‍ നിന്ന് ക്രൂഡോയിലും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നുണ്ട്.