പണം ചോദിച്ച് വീട്ടിലെത്തിയ ആള്‍ സ്വദേശി കുടുംബത്തിലെ വയോധികനായ കുടുംബനാഥനേയും ഭാര്യയേയും മകളേയും കൊലപ്പെടുത്തി
കുവൈത്ത് സിറ്റി : മോഷണ ശ്രമത്തിനിടെ ചെറുത്ത മൂന്നു പേരെ കൂട്ടക്കൊല ചെയ്തയാളെ കുവൈത്തി പോലീസ് അറസ്റ്റു ചെയ്തു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളയാളാണ് ഇവരെ കൊലചെയ്തതെന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാതെ പോലീസ് അറിയിച്ചു.
കുവൈത്തിലെ അല്‍ അര്‍ദിയയിലാണ് സംഭവം. പണം ചോദിച്ചെത്തിയ ഇയാള്‍ വിട്ടിലേക്ക് അതിക്രമിച്ച് കയറി എണ്‍പതു വയസ്സുള്ള കുടുംബ നാഥനെ കൊലപ്പെടുത്തുകയുയായിരുന്നു.
തുടര്‍ന്ന് ശബ്ദം കേട്ട് എത്തിയ 50 വയസ്സുള്ള ഭാര്യയേയും 18 വയസ്സുള്ള മകളേയും കൊലപ്പെടുത്തുകയായിരുന്നു.
വീട്ടില്‍ നിന്ന് 300 ദിനാറും സ്വര്‍ണാഭാരണങ്ങളും ഇയാള്‍ എടുത്തു. വീടിന് അടുത്തുള്ള സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് കൊലപാതകിയെ തിരിച്ചറിഞ്ഞത്.
സുലെബിയയില്‍ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. വിരലടയാളങ്ങളും ഡിഎന്‍എ ടെസ്റ്റ് ഫലങ്ങളും കുറ്റം ചെയ്തത് ഇയാള്‍ തന്നെയെന്ന് ഉറപ്പിക്കുന്നതായിരുന്നു.
ഒരു ജോടി വസ്ത്രവുമായാണ് ഇയാള്‍ വീട്ടിലേക്ക് എത്തിയത്. കൊലയ്ക്കു ശേഷം വസ്ത്രം മാറിയതായാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ സൂചനയായാണ് ഇതിനെ പോലീസ് കാണുന്നത്.
കൊലയ്ക്കു മുമ്പ് വീടും പരിസരവും ഇയാള്‍ നീരീക്ഷിച്ചിരുന്നതായും പോലീസ് കണ്ടെത്തി. വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വിറ്റയാളില്‍ നിന്നും കണ്ടെടുത്തു. പണം ഇയാള്‍ ചിലവഴിച്ചു. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വലിയ കടമായെന്നും ഇത് വീട്ടാനാണ് മോഷണം പ്ലാന്‍ ചെയ്തതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. കൊലപാതകം ഉദ്ദേശിച്ചില്ലെന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് കൊലകള്‍ നടത്തിയതെന്നും ഇയാള്‍ പറഞ്ഞു.
ഇയാളുടെ കുറ്റ വിചാരണ ഉടന്‍ ആരംഭിക്കുമെന്നും പരമാമവധി ശിക്ഷ ലഭിക്കുമെന്നും നിയമവിദഗ്ധര്‍ പറഞ്ഞു.












