കോവിഡ് ബൂസ്റ്റര്‍ ഡോസും നെഗറ്റീവ് പിസിആര്‍ ടെസ്റ്റും ഉള്ളവരായിട്ടും ഏഴു ദിവസം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ പരാതി
ദുബായ് : കേരളത്തിലെത്തുന്ന പ്രവാസികള്‍ക്ക് ഏഴു ദിവസം നിര്‍ബന്ധതിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയത് ചൊവ്വാഴ്ച മുതല്‍ ആരംഭിച്ചു,
വിമാനത്താവളത്തില്‍ എത്തുന്നവര്‍ താമസിക്കുന്ന വിലാസവും ഫോണ്‍ നമ്പറും നല്‍കണം. തുടര്‍ന്ന് അവര്‍ താമസിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ആശാവര്‍ക്കര്‍മാര്‍ ഇവരുടെ താമസയിടങ്ങളിലെത്തി ക്വാറന്റൈന്‍ നിരീക്ഷിക്കും.
പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്റൈനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഈ നിര്‍ദ്ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും നോര്‍ക റൂടസിനും വിവിധ പ്രവാസി സംഘടനകള്‍ പരാതി നല്‍കി.
കുറച്ചു കാലം അവധിക്ക് എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്റൈന്‍ വ്യവസ്ഥ അപലപനീയമാണെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു.
കോവിഡ് വാക്‌സിനേഷന്റെ രണ്ട് ഡോസും ഇതുകൂടാതെ ബൂസ്റ്ററും എടുത്തവരായിട്ടും പ്രവാസികളെ ക്വാറന്റൈനില്‍ ഇരുത്തുന്നത് ഉചിതമല്ല. 48 മണിക്കൂറിനുള്ളിലും പിന്നീട് നാട്ടില്‍ വന്നിറങ്ങുമ്പോഴും പിസിആര്‍ ടെസ്റ്റ് നെഗറ്റീവായവരാണ് ഒരു കാരണവുമില്ലാതെ ക്വാറന്റൈനില്‍ ഇരിക്കേണ്ടിവരുന്നത്.
കേരളത്തില്‍ പാര്‍ട്ടി പരിപാടികളും മറ്റും മുറയ്ക്ക് നടക്കുകയും സമരങ്ങളും ധര്‍ണങ്ങളും വിവാഹ ആഘോഷങ്ങളും എല്ലാം നിയന്ത്രണങ്ങളില്ലാതെ അരങ്ങേറുകയും ചെയ്യുമ്പോള്‍ പ്രവാസികള്‍ മാത്രം ക്വാറന്റൈനില്‍ കഴിയണമെന്നത് യുക്തിരഹിതമാണ്.
വിമാനത്താവളത്തിലെ പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിച്ചാല്‍ പ്രവാസികളെ സ്വതന്ത്രരായി പുറത്തിറങ്ങാന്‍അനുവദിക്കണമെന്നാണ് പ്രവാസി സംഘടകളുടെ ആവശ്യം.
സംസ്ഥാനത്ത് രണ്ട് ഡോസ് എടുത്തതല്ലാതെ ബൂസ്റ്റര്‍ ഡോസ് പോലും ഇതേവരെ നല്‍കി തുടങ്ങിയിട്ടില്ല. ബൂസ്റ്റര്‍ ഡോസും എടുത്ത് പിസിആര്‍ നെഗറ്റീവുമായ പ്രവാസികള്‍ക്ക് എന്തിനാണ് ക്വാറന്റൈന്‍ നടപ്പിലാക്കുന്നത് വിശദീകരിക്കാതെ ഒഴിഞ്ഞു മാറുകയാണ് അധികാരികള്‍.











