കുവൈത്ത് സിറ്റി: സാധുവായ യാത്രാരേഖകള്‍ ഇല്ലാതെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചവര്‍ക്ക് പ്രിന്റഡ് രൂപത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യന്‍ എംബസ്സി . ഇതു സംബന്ധിച്ച് അപേക്ഷകരെ നേരിട്ട് ഫോണിലൂടെയും, ഇ-മെയില്‍ വഴിയും ബന്ധപ്പെടുമെന്ന് എംബസി വ്യക്തമാക്കി.ഇതിനായി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് കൗണ്ടര്‍ ആരംഭിച്ചിട്ടുണ്ട്. അപേക്ഷകര്‍ക്ക് നേരിട്ട് മാത്രമേ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ.
യാത്രാരേഖകള്‍ കൈവശമില്ലാത്ത,നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹമുള്ളവര്‍ക്കായി, പ്രത്യേക എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള രജിസ്ട്രേഷന്‍ നടപടികള്‍ എംബസി നേരത്തെ ആരംഭിച്ചിരുന്നു. വിസ കാലാവധി ലംഘിച്ചവര്‍ക്ക് പിഴ ഒഴിവാക്കി രാജ്യം വിടുന്നതിനായി കുവൈറ്റ് സര്‍ക്കാര്‍ നവംബര്‍ 24-ന് പുറത്തിറക്കിയ പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ ഇന്ത്യക്കാരോട് എംബസി നിര്‍ദ്ദേശിക്കുകയും ചെയ്തു. നടപടികള്‍ക്കായി ഉടന്‍ എംബസിയെ സമീപിക്കാണമെന്നും അധികൃതര്‍ അറിയിച്ചു.
അടിയന്തിര യാത്രാ രേഖകളുമായി ബന്ധപ്പെട്ട് എംബസിയില്‍ പ്രത്യേക ഹെല്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. കുവൈറ്റ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പ്രത്യേക പൊതുമാപ്പ് പദ്ധതിയെക്കുറിച്ചും, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചുമുള്ള സംശയങ്ങള്‍ക്ക് ഈ ഹെല്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം.
- രാവിലെ 8 മുതല്‍ രാത്രി 8 മണി വരെ: +965 -65806158, 65806735, +965 -65807695, 65808923
- രാത്രി 8 മുതല്‍ രാവിലെ 8 മണി വരെ: +965 -65809348
- community.kuwait@mea.gov.in എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.
- https://indembkwt.gov.in/pdf/Press%20Release%20-%20Travel%20Certificates%20-%2003%20December%202020.pdf വിലാസത്തില്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഈ അറിയിപ്പ് പുറത്തിറക്കിയത്.




















