റിയാദ്: റിയാദ്, ജിദ്ദ എന്നിവിടങ്ങളിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുളള 362 പേരെ കൂടി ഇന്ത്യന്‍ എംബസി നാട്ടിലെത്തിച്ചു. സൗദി എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തിലായിരുന്നു സൗജന്യ യാത്ര . എല്ലാവരും ഡല്‍ഹിയിലാണ് എത്തിയത്. ജിദ്ദയില്‍ നിന്നു 151ഉം റിയാദില്‍ നിന്നു 211 പേരും ഉള്‍പ്പെട്ട സംഘമാണ് ഡല്‍ഹിയിലെത്തിയത്. ഇതോടെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന 1,945 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതായി ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
നേരത്തെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന 1,583 ഇന്ത്യക്കാരെ നാലു വിമാനങ്ങളിലായി ഡല്‍ഹി, ലഖ്‌നൗ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെത്തിച്ചിരുന്നു. അനധികൃതമായി സൗദിയില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് റിയാദ് ഇന്ത്യന്‍ എംബസിയും ജിദ്ദ കോണ്‍സുലേറ്റും നടത്തിയ ശ്രമമാണ് പ്രവാസികളുടെ മടക്കയാത്രക്ക് വഴിയൊരുങ്ങിയത്. ബാക്കിയുളള ഇന്ത്യക്കാരെയും നാട്ടിലെത്തിക്കുന്നതിന് ശ്രമം തുടരുകയാണ്. അടുത്ത ആഴ്ച ഒരു വിമാനം കൂടി സര്‍വീസ് നടത്തുമെന്നും എംബസി വ്യക്തമാക്കി.
താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞവരും നിയമ ലംഘകരായി കഴിയുന്നവരും എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ വ്യക്തമാക്കി.ഇവര്‍ക്ക് സൗദിയിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഫൈനല്‍ എക്സിറ്റ് നേടി ഇന്ത്യയിലേക്ക് മടങ്ങാന്‍ അവസരം ഒരുക്കും.