ഡല്‍ഹി: ഇന്ത്യന്‍ സൈനിക ചരിത്രത്തിലാദ്യമായി മനുഷ്യാവകാശ സെല്‍ രൂപീകരിച്ച് കരസേന. 2019 ലാണ് സെല്‍ രൂപീകരിക്കുന്നതിനുളള അനുമതി കേന്ദ്ര പ്രതിരോധ മന്ത്രാലയം സൈന്യത്തിന് നല്‍കിയത്. കരസേനാ ഉപമേധാവിയുടെ കീഴിലാണ് സെല്‍ പ്രവര്‍ത്തിക്കുകയെന്ന് സൈനിക വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മേജര്‍ ജനറല്‍ ഗൗതം ചൗഹാന്‍ മനുഷ്യാവകാശ സെല്‍ വിഭാഗം മേധാവിയാകും.
മനുഷ്യാവകാശ നിയമങ്ങളെപ്പറ്റി താഴെത്തട്ട് മുതല്‍ സൈനികരെ ബോധവത്കരിക്കുന്നതിനും സൈന്യത്തിലുളളിലും പുറത്തും ഉദ്യോഗസ്ഥര്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കുന്നതിനുമാണ് സെല്‍ രൂപീകരിച്ചിരിക്കുന്നത്. ജമ്മു കശ്മീരില്‍ ഷോപ്പിയാനില്‍ വ്യാജ ഏറ്റുമുട്ടല്‍ നടത്തി മൂന്ന് യുവാക്കളെ കൊലപ്പെടുത്തിയ കേസില്‍ സൈന്യത്തിലെ ക്യാപ്റ്റന്‍ റാങ്കിലുളള ഉദ്യോഗസ്ഥനുള്‍പ്പടെ മുന്ന് പേര്‍ കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ സെല്‍ രൂപീകരിക്കുന്നത്.