ഇന്ത്യയും യുഎഇയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ നികുതി ഇളവുകള്‍ ഉണ്ടാകും, ഇതില്‍ സ്വര്‍ണം ഉള്‍പ്പെടുമെന്നാണ് സൂചന
അബുദാബി : ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാറില്‍ സ്വര്‍ണം ഉള്‍പ്പടെയുള്ളു വസ്തുക്കള്‍ക്ക് നികുതി ഇളവുകള്‍ ഉണ്ടാകുമെന്ന് സൂചന.
ജ്വലറി, ടെക്‌സ്റ്റൈല്‍സ്, ഭക്ഷ്യ സാമഗ്രികള്‍ എന്നിവയെല്ലാം നികുതി ഇളവുകളോടെ ഇറക്കുമതിയും കയറ്റുമതിയും ചെയ്യാനാകുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.
കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യയും യുഎഇയും തമ്മില്‍ സ്വന്തന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെയ്ക്കുന്നതു സംബന്ധിച്ച് ധാരണയായത്. ഇതിനു ശേഷം കരാറിന്റെ കരടു ഡിസംബറില്‍ തയ്യാറാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിക്കുന്നതിന് പദ്ധതി ഇട്ടിരുന്നുവെങ്കിലും ഒമിക്രോണ്‍ വ്യാപനം ഭീഷണി ഉയര്‍ത്തിയതോടെ യാത്ര റദ്ദാക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഫെബ്രുവരി 18 ന് വിര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവെയ്ക്കാന്‍ തീരുമാനമായത്.
കരാര്‍ പ്രാവര്‍ത്തികമായാല്‍ ഇന്ത്യയില്‍ നിന്നുള്ള വ്യാപാരികള്‍ക്കാകും ഏറെ ഗുണം ചെയ്യുക എന്ന് വിലയിരുത്തപ്പെടുന്നു.
ഇത് ഏതെങ്കിലും രാജ്യവുമായുള്ള ഇന്ത്യയുടെ സമഗ്ര സ്വതന്ത്ര വ്യാപാര കരാറാണ്. ഇന്ത്യയില്‍ നിന്നുള്ള ജ്വലറി, രത്‌ന, ടെക്‌സ്റ്റൈല്‍ വ്യാപാരത്തിന് മികച്ച വ്യാപാര സാധ്യത ഇതു മൂലം തുറന്നു കിട്ടും.
ഇതിനൊപ്പം ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ക്കും ഇതര പ്രഫഷണലുകള്‍ക്കും യുഎഇയിലേക്ക് ജോലി നേടുന്നതിനും കരാര്‍ ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലാകും ഇന്ത്യക്കു വേണ്ടി കരാറില്‍ ഒപ്പിടുക എന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് സൂചന നല്‍കി. 50 ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാരം അടുത്ത അഞ്ചു വര്‍ഷത്തിനിടെ 100 ബില്യണ്‍ യുഎസ് ഡോളറിലെത്തിക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ സാധ്യതയും ഉറപ്പു വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.