മുംബൈ 2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നുവെന്ന ആരോപണത്തിന് മറുപടിയുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ഇന്ത്യ-ശ്രീലങ്ക ഫൈനല്‍ മത്സരത്തില്‍ യാതൊരുവിധ ഒത്തുകളിയും നടന്നിട്ടില്ലെന്നും ശ്രീലങ്കയുടെ മുന്‍ കായികമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് ഒരു തെളിവുമില്ലെന്നും ഐസിസിയുടെ അഴിമതി വിരുദ്ധ സമിതി വ്യക്തമാക്കി.
2011-ല്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനല്‍ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നു എന്നായിരുന്നു മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയുടെ ആരോപണം. ഇതേ തുടര്‍ന്ന് ശ്രീലങ്കന്‍ കായിക മന്ത്രാലയം രൂപീകരിച്ച പ്രത്യേക അന്വേഷണ കമ്മീഷന്‍ അന്നത്തെ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
ദിവസങ്ങള്‍ക്കു മുമ്പ് ശ്രീലങ്കന്‍ മാധ്യമമായ സിരാസ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് 2011-ലെ ലോകകപ്പ് ഫൈനല്‍ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നു എന്ന ആരോപണം മഹിന്ദാനന്ദ അലുത്ഗാമേജ ഉയര്‍ത്തിയത്. ശ്രീലങ്കന്‍ കളിക്കാരെ താന്‍ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നില്ലെന്നും എങ്കിലും ചില ഗ്രൂപ്പുകള്‍ ഇതില്‍ പങ്കാളികളാണ് എന്നും മന്ത്രി ആരോപിച്ചിരുന്നു.