Web Desk
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതിര്‍ത്തിയിലെ സൈനിക നീക്കങ്ങളും ഇരുരാജ്യങ്ങളും ആരംഭിച്ചു കഴിഞ്ഞു. അതിനിടയില്‍ പ്രശ്നപരിഹാരത്തിനായി മേജര്‍ ജനറല്‍ തലത്തില്‍ ഇരുരാജ്യങ്ങളും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയെങ്കിലും സ്ഥിതിയില്‍ മാറ്റംവന്നില്ല. വ്യോമസേനാ മേധാവി ലഡാക്കില്‍ തുടരുകയാണ്.
കരസേനയ്ക്ക് പിന്തുണയുമായി വ്യോമസേനയും നിലയുറപ്പിച്ചുകഴിഞ്ഞു. ചൈന അതിര്‍ത്തിയില്‍ വ്യോമസുരക്ഷയൊരുക്കുന്ന ശ്രീനഗര്‍, ലേ, അസമിലെ തേസ്പുര്‍, ഛബുവ, മോഹന്‍ബാരി, ഉത്തര്‍പ്രദേശിലെ ബറേലി, ഘൊരഖ്പുര്‍ എന്നീ താവളങ്ങളിലാണ് വ്യോമസേന പടയൊരുക്കം നടത്തുന്നത്. ആണവ മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ള സുഖോയ്, മിറാഷ്, ജാഗ്വര്‍ യുദ്ധവിമാനങ്ങളും ആക്രമണക്കരുത്തുള്ള അപ്പാച്ചി, സേനാംഗങ്ങളെ എത്തിക്കുന്നതിനുള്ള ചിനൂക് ഹെലികോപ്റ്ററുകളുമാണ് ചൈനയെ ലക്ഷ്യമിട്ട് ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്.
അതേസമയം ഗല്‍വാന്‍, പാംഗോങ് തടാകത്തോട് ചേര്‍ന്നുള്ള മലനിരകള്‍, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളില്‍ സംഘര്‍ഷം മൂര്‍ധന്യാവസ്ഥയിലാണെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു. ദെപ്‌സാങ് അതിര്‍ത്തിയില്‍ ചൈന ആയുധങ്ങളും ടാങ്കുകളും വിന്യസിച്ചിരിക്കുകയാണ്.











