ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മരണനിരക്ക് ഏറ്റവും താഴ്ന്ന നിലയില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 500 ല്‍ താഴെ മരണങ്ങള്‍ (480) രേഖപ്പെടുത്തി. മാര്‍ച്ച് 22 ന് ശേഷം ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ മരണനിരക്ക്. ഇതു തുടര്‍ച്ചയായി കുറയുകയാണ്.
മരണനിരക്ക് 1.5 ശതമാനമായി. കൃത്യമായ നിരീക്ഷണം, രോഗം കണ്ടെത്തല്‍, ഫലപ്രദമായ ചികിത്സ തുടങ്ങിയ നടപടിക്രമങ്ങളാണ് മരണനിരക്കു കുറയ്ക്കാന്‍ കാരണമായത്. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കേന്ദ്ര, സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിലെ ഗവണ്‍മെന്റുകളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് രാജ്യത്ത് ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയത്. നിലവില്‍ 2218 പ്രത്യേക കോവിഡ് ആശുപത്രികള്‍ ഫലപ്രദമായ ചികിത്സ നല്‍കി വരുന്നുണ്ട്.
ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികിത്സയ്ക്കു വേണ്ടി ഐസിയു ഡോക്ടര്‍മാരുടെ കാര്യശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടി ‘ഇ-ഐസിയു’ ന്യൂഡല്‍ഹി എയിംസ് നടത്തുന്നുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ്, ടെലി/ വീഡിയോ-കണ്‍സള്‍ട്ടേഷന്‍ സെഷനുകള്‍ ഇതിന്റെ ഭാഗമായി നടത്തുന്നത്. 2020 ജൂലൈ 8-നാണ് ഈ പരിപാടി ആരംഭിച്ചത്.ഇതുവരെ, 25 ടെലി സെഷനുകള്‍ നടന്നു. 34 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 393 സ്ഥാപനങ്ങള്‍ പങ്കെടുത്തു.
വയോധികര്‍, ഗര്‍ഭിണികള്‍, രോഗാവസ്ഥയിലുള്ളവര്‍ തുടങ്ങിയവരെ കണ്ടെത്തുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനുമുള്ള ജനസംഖ്യാ സര്‍വെ പല സംസ്ഥാനങ്ങളും നടത്തി. 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും മരണനിരക്ക് ഒരു ശതമാനത്തില്‍ കുറവാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 59,105 പേര്‍ രോഗമുക്തരായി. പുതുതായി രോഗബാധിതരായത് 45,148 പേരാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 71 ലക്ഷം (71,37,228) കവിഞ്ഞു. ദേശീയ രോഗമുക്തി നിരക്ക് 90.23% ആണ്.
നിലവില്‍ ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 8.26% മാത്രമാണ് (6,53,717). ആഗസ്റ്റ് 13 ന് ശേഷം ഏറ്റവും കുറഞ്ഞ എണ്ണമാണിത്. ആഗസ്റ്റ് 13ന് 6,53,622 പേരായിരുന്നു ചികിത്സയില്‍.പുതുതായി രോഗമുക്തരായവരുടെ 78 ശതമാനവും 10 സംസ്ഥാനങ്ങളില്‍ / കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.
പതിനായിരത്തിലധികം പേരാണ് കര്‍ണാടകത്തില്‍ രോഗമുക്തരായത്. കേരളത്തില്‍ 7,000 പേരും. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,148 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 37,000 പുതിയ രോഗികള്‍ സ്ഥിരീകരിച്ച ജൂലൈ 22 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
സ്ഥിരീകരിച്ച പുതിയ രോഗികളുടെ കസുകളില്‍ 82 ശതമാനവും 10 സംസ്ഥാനങ്ങളില്‍ / കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലും മഹാരാഷ്ട്രയിലും 6,000ത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകം, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ 4,000 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 480 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 80 ശതമാനവും 10 സംസ്ഥാനങ്ങളില്‍ / കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 23 ശതമാനത്തിലധികം പേര്‍ മരിച്ചത് മഹാരാഷ്ട്രയിലാണ് (112 മരണം).



















