ന്യൂഡല്‍ഹി: കോവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കാനഡ വിളിച്ച യോഗം ഇന്ത്യ ബഹിഷ്‌ക്കരിച്ചു. കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി. കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കാനഡയെ ഔദ്യോദികമായി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്തയാഴ്ച നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ എസ്.ജയശങ്കര്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം.
ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധങ്ങളെ അനുകൂലിച്ച് ജസ്റ്റിന്‍ ട്രൂഡോ ചൊവ്വാഴ്ച നടത്തിയ പ്രസ്താവയ്‌ക്കെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണിതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.
എന്നാല്‍ കര്‍ഷകരെ പിന്തുണച്ച് ജസ്റ്റിന്‍ ട്രൂഡോ വീണ്ടും രംഗത്തെത്തിയതാണ് കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചത്. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കും മനുഷ്യാവകാശത്തിനും വേണ്ടി കാനഡ എക്കാലവും നിലകൊള്ളുമെന്നാണ് കര്‍ഷകരെ പിന്തുണച്ച് ട്രൂഡോ വീണ്ടും വ്യക്തമാക്കിയത്.











