ആരോഗ്യ മേഖലയിൽ ഇന്ത്യ-യു.എ.ഇ സഹകരണം ഉറപ്പാക്കി അധികൃതർ കൂടിക്കാഴ്ച നടത്തി. ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുതാമിയും ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ അമൻ പുരിയുമാണ് കൂടിക്കാഴ്ച നടത്തിയത്. ആരോഗ്യ മേഖലയിൽ ഇന്ത്യയുമായി കൂടുതൽ രംഗങ്ങളിൽ സഹകരിക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.
പ്രതിസന്ധി കാലത്ത് പ്രവാസികൾക്ക് എല്ലാ വിധ പിന്തുണയും നൽകിയ യു.എ.ഇ നേതൃത്വത്തെയും സർക്കാറിനെയും ദുബായ് ഹെൽത്ത് അതോറിറ്റിയെയും അമൻപുരി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ആരോഗ്യമേഖലയിലെ ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത കൂടിയ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. നാഷനൽ ഹെൽത്ത് അതോറിറ്റി ഓഫ് ഇന്ത്യയും ഡി.എച്ച്.എയും തമ്മിൽ വിവര കൈമാറ്റങ്ങൾ നടത്തുന്നതിനെ കുറിച്ചും ചർച്ച ചെയ്തു
കഴിഞ്ഞ വർഷം ഡിസംബറിൽ അൽ ഖുതമിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യ സന്ദർശിച്ചിരുന്നു. ഇന്ത്യയിലെ ആശുപത്രികൾ സന്ദർശിക്കുകയും ആരോഗ്യ മേഖലയിലെ പ്രമുഖരുമായി ചർച്ച നടത്തുകയും ചെയ്തു.മാനസികാരോഗ്യം, അവയവം മാറ്റിവെക്കൽ, ഗവേഷണം, അർബുദം, കാർഡിയോളജി തുടങ്ങിയ മേഖലകളിലാണ് സഹകരണം ഉറപ്പാക്കിയിരുന്നത്. ഡോ. മുഹമ്മദ് അൽ റദ, ഡി.എച്ച്.എ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.