English മലയാളം

Blog

india-us

കെ. പി. സേതുനാഥ്

ആഗോളതലത്തില്‍ അമേരിക്കയുടെ തന്ത്രപരമായ രാഷ്ട്രീയ-സാമ്പത്തിക-സൈനിക താല്‍പര്യങ്ങളുടെ കുടക്കീഴിലെ ജൂനിയര്‍ പങ്കാളിയായി ഇന്ത്യ മാറിയതോടെ രണ്ടാം ശീതയുദ്ധത്തിന്റെ നിലമൊരുക്കലിന്റെ ഒരു ഘട്ടം ചൊവ്വാഴ്ച പൂര്‍ത്തിയായി. ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച അടിസ്ഥാന വിനിമയ-സഹകരണ കരാര്‍ അഥവാ ബേസിക് എക്‌സ്‌ചേഞ്ച് ആന്റ് കോപറേഷന്‍ എഗ്രിമെന്റ് (ബെക്ക) അതിനുള്ള സുപ്രധാന ചവിട്ടുപടിയാണ്. ഇന്ത്യയുടെ തന്ത്രപരമായ താല്‍പര്യങ്ങളുടെ അക്ഷാംശവും, രേഖാംശവും നിശ്ചയിക്കുന്നതിനുമുള്ള നിര്‍ണ്ണായക ഘടകമായ ഈ ജൂനിയര്‍ പങ്കാളിത്തം തെക്കനേഷ്യയില്‍ മാത്രമല്ല ആഗോള തലത്തിലെ ശാക്തിക ബന്ധങ്ങളില്‍ തന്നെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് നിമിത്തമാവുമെന്ന വീക്ഷണം അന്താരാഷ്ട്ര ബന്ധങ്ങള്‍ നിരീക്ഷിക്കുന്നവര്‍ പ്രകടിപ്പിക്കുന്നു.


ചൈന കേന്ദ്രിതമായ അമേരിക്കന്‍ പ്രതിരോധ നയങ്ങളുടെ തന്ത്രപരമായ താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിലുള്ള യത്‌നത്തില്‍ സജീവപങ്കാളിയാവുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ത്യയുടെ ശാക്തികബന്ധങ്ങളില്‍ പ്രതിഫലിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ ഈ പുതിയ ചങ്ങാത്തം നമ്മുടെ ആഭ്യന്തര-വിദേശ നയങ്ങളില്‍ എങ്ങനെയാവും പ്രതിഫലിക്കുക. ഒന്നാം ശീതയുദ്ധത്തിന്റെ കാലഘട്ടത്തില്‍ അമേരിക്കന്‍-സോവിയറ്റു പക്ഷങ്ങളില്‍ ചേരാതിരുന്നുവെന്നു മേനി നടിച്ചിരുന്ന ചേരിചേര നയത്തിന്റെ ഔപചാരികമായ അവസാനം കുറിക്കുന്നതാണ് പുതിയ ചങ്ങാത്തം. ഇന്ത്യയുടെ പരമ്പരാഗത സുഹൃത്തായി കരുതപ്പെടുന്ന റഷ്യയുമായുള്ള ബന്ധത്തെ (പഴയ സോവിയറ്റു യുണിയന്റെ അനന്തരാവകാശി എന്ന നിലയില്‍) ഇന്ത്യ-അമേരിക്ക പങ്കാളിത്തം ഏതു നിലയില്‍ ബാധിക്കുമെന്നാണ് അടുത്ത പ്രധാന വിഷയം. ചൈനയും, റഷ്യയും തുല്യനിലയില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധരായ ശക്തികളാണെന്ന വീക്ഷണമാണ് അമേരിക്കന്‍ നയകര്‍ത്താക്കള്‍ പുലര്‍ത്തുന്നത്. റഷ്യയാണോ, ചൈനയാണോ കൂടുതല്‍ അപകടകാരി എന്ന വിഷയത്തില്‍ മാത്രമാണ് ചില ഭിന്ന വീക്ഷണങ്ങള്‍ അമേരിക്കന്‍ നയകര്‍ത്താക്കളില്‍ നിലനില്‍ക്കുന്നത്. ചൈനയുടെ സാമ്പത്തിക ശേഷിയും, റഷ്യയുടെ സൈനിക ശേഷിയും അമേരിക്കക്ക് എതിരായി ഒന്നു ചേരാനുള്ള സാധ്യതകളെ പറ്റിയുള്ള സ്ഥിരം മുന്നറിയിപ്പുകള്‍ അമേരിക്കന്‍ നയ വിദഗ്ധരുടെ ഇഷ്ടവിഷയങ്ങളിലൊന്നാണ്.

Also read:  രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 69,921 പേര്‍ക്ക് കോവിഡ്

പാകിസ്ഥാനു പകരം ചൈന ഇന്ത്യയുടെ ശത്രുനിര്‍മിതയില്‍ ഒന്നാം സ്ഥാനം കൈവരിക്കുന്നതിനുള്ള കളമൊരുങ്ങുന്നതാണ് ഒരു പക്ഷെ  പുതിയ ചങ്ങാത്തത്തിന്റെ ഏറ്റവും നിര്‍ണ്ണായകമായ ഘടകം. ദശകങ്ങളായുളള  ശത്രു നിര്‍മിതിയുടെ പ്രതിഷ്ഠാപനത്തിനുള്ള ഏറ്റവും ആയാസരഹിതമായ പ്രതീകത്തിനു സ്ഥാനചലനം സംഭവിക്കുന്നതോടെ ആഭ്യന്തര രാഷ്ട്രീയസംവാദങ്ങളെ രൂപപ്പെടുത്തുന്ന ദേശരക്ഷയുടെ പുതിയ ആഖ്യാനങ്ങള്‍ സജീവമാവും. കമ്യൂണിസ്റ്റു-ഇടതുപക്ഷ വിരുദ്ധതയുടെ പഴയതും, പുതിയതുമായ ഭാഷണങ്ങള്‍ ഈ ആഖ്യാന നിര്‍മിതിയില്‍ നിര്‍ണ്ണായകമാവും.

ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകളുടെ ഡിജിറ്റല്‍ സായുധശേഷി അമേരിക്കക്ക് പണയം വയ്ക്കുന്നതിനുള്ള സാധ്യതയാണ് ബെക്കയില്‍ ഒപ്പു വച്ചതോടെ സംജാതമായിട്ടുള്ളതെന്നു പ്രവീണ്‍ സാഹ്‌നി അഭിപ്രായപ്പെടുന്നു. ദേശീയ സുരക്ഷയും, എയറോസ്‌പേസ് വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ‘ഫോഴ്‌സ്’ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരും, സൈനിക വിഷയങ്ങളെ പറ്റി ദീര്‍ഘകാലമായി പ്രതിപാദിക്കുന്ന വ്യക്തിയാണ് മുന്‍ സൈനികനായ സാഹ്‌നി. പൊതു ശത്രുവിനെതിരെ ഒരുമിച്ചു പോരാടുന്നതിനെ പറ്റിയുള്ള വാചോടപങ്ങള്‍ക്കുപരി ഇപ്പോള്‍ ഒപ്പുവെച്ച ബെക്കയും 2018-ല്‍ ഒപ്പുവെച്ച കോംകാസ കരാറും വഴി അമേരിക്കന്‍ സൈനിക സമുച്ചയത്തിനു കൈവരുന്ന ഡാറ്റകള്‍ ഉപയോഗപ്പെടുത്തി ഇന്ത്യയുടെ തദ്ദേശീയമായ ‘കില്‍ ശൃംഖല’-യുടെ (ഒരു കമാന്‍ഡ് സെന്ററിലൂടെ പ്രവര്‍ത്തിക്കുന്ന സെന്‍സര്‍-ടു-ഷൂട്ടര്‍ സംവിധാനം സാങ്കേതികമായി കില്‍ ശൃംഖല എന്നറിയപ്പെടുന്നു) നിയന്ത്രണം അമേരിക്കയുടെ അതിവികസിതമായ സൈബര്‍ സമുച്ചയത്തിന്റെ കൈകളില്‍ എത്തുന്നതിനുള്ള സാധ്യതയാണ് തെളിയുന്നതെന്നു അദ്ദേഹം പറയുന്നു.

Also read:  പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനം; നിലവിലെ സാഹചര്യം വഷളാക്കരുതെന്ന് ചെെന

ബെക്ക പ്രകാരം അമേരിക്കയില്‍ നിന്നും തല്‍സമയം ലഭിക്കുന്ന ജിയോസ്‌പേഷ്യല്‍ വിവരങ്ങളും, ചിത്രങ്ങളും ഇന്ത്യയുടെ മിസൈല്‍-റോക്കറ്റ് സംവിധാനങ്ങളുടെ ലക്ഷ്യവും, കൃത്യതയും പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാനുതകുമെന്നാണ് അനുമാനം. അമേരിക്കന്‍ ഉപഗ്രഹ-വ്യോമയാന സംവിധാനങ്ങള്‍ വഴി ലഭിക്കുന്ന വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവെക്കാന്‍ കരാര്‍ വ്യവസ്ഥ ചെയ്യുന്നു. സൈനികമായ ആവശ്യങ്ങള്‍ക്ക് പുറമെ കാലാവസ്ഥ സംബന്ധിയായ വിവരങ്ങളും ഇതു വഴി ലഭ്യമാകുന്നു. ഇത്തരം അനുകൂല ഘടകങ്ങള്‍ ഉള്ളപ്പോഴും ഇന്ത്യയുടെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് എത്രത്തോളം അനുയോജ്യമാണ് ഈ കരാറുകള്‍ എന്ന കാര്യത്തിലാണ് വിദേശ-പ്രതിരോധ വിഷയങ്ങളിലെ വിദഗ്ധര്‍ തമ്മില്‍ ശക്തമായ ഭിന്നവീക്ഷണങ്ങള്‍ നിലനില്‍ക്കുന്നത്.

ഇന്ത്യന്‍ വിദേശ-പ്രതിരോധ മേഖലകളിലെ ഒരു പറ്റം വിദഗ്ധരെ സംബന്ധിച്ചിടത്തോളം അമേരിക്കയുമായി തന്ത്രപരമായ സഖ്യം സ്ഥാപിക്കുകയാണ് ഇന്ത്യയുടെ മുമ്പിലുള്ള പ്രയോഗികമായ വഴി. ചൈനയെ വരുതിയില്‍ നിര്‍ത്താനും, പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദം തടയുവാനും അമേരിക്കയുമായുള്ള സഖ്യം ഉപകരിക്കുമെന്നാണ് ഈ വിഭാഗം വിദഗ്ധരുടെ അഭിപ്രായം. ഇത്തരമൊരു സഖ്യം ആത്മഹത്യപരമായിരിക്കും എന്നാണ് എതിര്‍പക്ഷത്തിന്റെ വാദം. അമേരിക്ക അതിന്റെ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന വേണ്ടിയാണ് ഇന്ത്യയുമായി ചങ്ങാത്തം സ്ഥാപിക്കുന്നതെന്നും അതിന്റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കുന്നതാണ് ഇന്ത്യയുടെ ദേശീയതാല്‍പര്യങ്ങള്‍ക്കു നല്ലതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുടെ നയങ്ങളുടെ അടിസ്ഥാനം സ്വന്തം സ്വാര്‍ത്ഥത മാത്രമാണെന്ന് ഒന്നാം ലോകയുദ്ധം മുതലുള്ള ചരിത്രം നിരത്തി അവര്‍ വാദിക്കുന്നു.

Also read:  എസ്‌ഐപി എങ്ങനെ കൂടുതല്‍ ഫലപ്രദമാക്കാം?

അമേരിക്ക ഇപ്പോള്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ സാഹചര്യത്തിലൂടെയാണ് കടന്നു പോവുന്നത്. സൈനിക ശേഷി മാറ്റി നിര്‍ത്തിയാല്‍ സാമ്പത്തികമായും, ധാര്‍മികമായും അമേരിക്കന്‍ സംവിധാനം വലിയ തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ തന്ത്രപരമായ താല്‍പര്യങ്ങളുമായി ഇന്ത്യയുടെ തന്ത്രപരമായ താല്‍പര്യങ്ങള്‍ കൂട്ടികെട്ടുന്നത് ഗുണത്തിലധികം ദോഷം വരുത്തുമെന്നാണ് അവരുടെ പക്ഷം. അമേരിക്കയുമായി സഖ്യത്തിലായതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന നിരവധി രാജ്യങ്ങളുടെ അനുഭവം ഈ വീക്ഷണത്തെ സാധൂകരിക്കുന്നു. അമേരിക്കയുമായുള്ള സഖ്യം ദക്ഷിണേഷ്യന്‍ മേഖലയിലെ സൈനികവല്‍ക്കരണത്തെ അപകടകരമായ നിലയില്‍ വളര്‍ത്തുമെന്ന നിരീക്ഷണങ്ങളും ഗൗരവമായ പരിഗണന ആവശ്യപ്പെടുന്നു. ലോകത്തിലെ ഏറ്റവുമധികം ദരിദ്രരായ ജനങ്ങള്‍ അധിവസിക്കുന്ന ഈ മേഖല കൂട്ടഹത്യ ഉറപ്പുവരുത്തുന്ന യുദ്ധോപകരണങ്ങളുടെ ഏറ്റവും നല്ല വിപണികളില്‍ ഒന്നായി മാറുന്നതിന്റെ അശ്ലീലം അടവുകളുടെയും, തന്ത്രത്തിന്റെയും മൃതഭാഷ്യങ്ങളില്‍ മറച്ചുവെക്കാനാവില്ല. 3,500 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം മുതലാക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന മറ്റൊരു ഭൂഖണ്ഠത്തില്‍ നിന്നുള്ള ഒരു ശക്തിയുടെ സഹായം സ്വീകരിക്കുന്ന തന്ത്രജ്ഞതയുടെ വില കൊടുക്കേണ്ടി വരിക ഈ പട്ടിണി പാവങ്ങളാണ്. അപഹാസ്യമായ ഇത്തരം തന്ത്രജ്ഞതയുടെ കാപട്യം എത്രകാലം അവരില്‍ നിന്നും മറച്ചു വെക്കാനാകുമെന്ന് വരാനുള്ള നാളുകളില്‍ വ്യക്തമാവും.