യു.എ.ഇ യിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുകയും തിരിച്ചു വിളിക്കുകയും ചെയ്യുന്ന രക്ഷിതാക്കൾ സ്കൂളിനകത്തേക്കു പ്രവേശിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നടപടി കർശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കുട്ടികൾ സ്കൂളിന് പുറത്ത് എത്തും വരെ അകലം പാലിച്ചു നിൽക്കണം. സ്വന്തം വാഹനത്തിൽ സ്കൂളിൽ എത്തിക്കുന്നവർ അടുത്ത പ്രദേശത്തുള്ള കുട്ടികളെയും രക്ഷിതാക്കളെയും ഒരേ വാഹനത്തിൽ കൊണ്ടുവരുന്നതിനും വിലക്കുണ്ട് .
കോവിഡ് മാനദണ്ഡം മറികടന്ന് കാർപൂളിങ് നടത്തുന്നതും അനുവദിക്കില്ല . കുടുംബാംഗങ്ങൾ അല്ലാത്തവർ 3 പേരിൽ കൂടുതൽ ഒരു വാഹനത്തിൽ സഞ്ചരിക്കാൻ പാടില്ലെന്നും അധികൃതർ അറിയിച്ചു . കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതും തിരിച്ചു വിളിക്കുന്നതും ഒരേ സമയത്ത് ആയതിനാൽ കൂട്ടംകൂടാൻ ഇടയുണ്ട്. ഇതൊഴിവാക്കാൻ ചില രക്ഷിതാക്കൾ അൽപം നേരത്തെ എത്താനും നിർദ്ദേശിച്ചു . നിലവിൽ ഓരോ ഡിവിഷനിലും കുറച്ച് വിദ്യാർഥികൾ മാത്രമാണ് സ്കൂളിൽ നേരിട്ട് പഠിക്കാനെത്തുന്നത്.
ശേഷിച്ചവർ ഇ–ലേണിങ്ങിലൂടെ പഠനം തുടരുകയാണ്. സ്കൂളിൽ എത്തുന്ന വിദ്യാർഥികളെ തെർമൽ സ്കാനറിലൂടെ അകത്തേക്കു പ്രവേശിപ്പിച്ച് ക്ലാസിലെത്തിച്ച് അകലം പാലിച്ച് ഇരുത്തിയാണ് പഠനം. ഓരോ കുട്ടികളുടെയും പേരെഴുതിയ ഇരിപ്പിടവുമുണ്ട്. കുട്ടികളുടെ ശരീരോഷ്മാവ് ഇടയ്ക്ക് പരിശോധിച്ച് ഉറപ്പുവരുത്തും. കൈകൾ ശുചിയാക്കാൻ സാനിറ്റൈസറും ലഭ്യമാണ്. ഐസലേഷൻ, ക്വാറന്റീൻ തുടങ്ങി ജീവനക്കാരുടെയും വിദ്യാർഥികളുടെയും സുരക്ഷിതത്വത്തിന് എല്ലാ സൗകര്യങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട് .


















