റിയാദ്: സൗദിയില്‍ ജീവനക്കാരുടെ ഇഖാമയും ലെവിയും വര്‍ക്ക് പെര്‍മിറ്റും മൂന്നു മാസത്തേയ്ക്ക് മാത്രമായി പുതുക്കാം. ഇഖാമ ഫീസും ലെവിയും വര്‍ക്ക് പെര്‍മിറ്റും ഒരു വര്‍ഷത്തേക്ക് മൊത്തമായി അടക്കാതെ മൂന്ന് മാസമോ ആറു മാസമോ ആയ ഗഡുക്കളായി അടച്ച് അത്രയും കാലയളവിലേക്ക് മാത്രമായി എടുക്കാനോ പുതുക്കാനോ അനുവദിക്കുന്ന പുതിയ നിയമത്തിന് ചൊവ്വാഴ്ച രാത്രി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഒരു വര്‍ഷത്തേക്ക് ഒന്നിച്ച് ലെവിയും മറ്റു ഫീസുകളും ഒന്നിച്ചടക്കാന്‍ പ്രയാസമുള്ളവര്‍ക്ക് തീരുമാനം ഗുണമാകും. നിലവില്‍ ജീവനക്കാരന്റെ ലെവിയും ഇന്‍ഷുറന്‍സും അനുബന്ധ ഫീസുകളുമടക്കം പതിനായിരം റിയാലിലേറെ ഒരു ജീവനക്കാരന് ചിലവ് വരും. ചെറുകിട സ്ഥാപനങ്ങളിലുള്ളവര്‍ക്ക് ഇത് താങ്ങാനാകില്ലെങ്കില്‍ അവര്‍ക്ക് തല്‍ക്കാലം മൂന്നു മാസം വീതം ഗഡുക്കളായി ലെവിയടക്കാം.
ഇത് കോവിഡ് പ്രത്യാഘാതങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്ന സ്വകാര്യ മേഖലയുടെ പുത്തനുണര്‍വിനും സഹായകമാവും. ഒരു തൊഴിലാളിയുടെ സേവനം ആറു മാസത്തേക്ക് മാത്രം മതിയെങ്കില്‍ അത്രയും കാലത്തേക്കുളള ഫീസ് മാത്രം നല്‍കിയാല്‍ മതി. എന്നാല്‍ ഹൗസ് ഡ്രൈവര്‍, ഹൗസ് മെയ്ഡ് തുടങ്ങി വീട്ടുജോലി വിസയിലുളളവര്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല. വാണിജ്യ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടാത്തതും ലെവിയില്‍ നിന്ന് അവര്‍ ഒഴിവാണ് എന്നതും തന്നെയാണ് കാരണം.












