തിരുവനന്തപുരം: പോലീസുകാരുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച ഒരാള്‍ പിടിയില്‍. പതിനേഴ് വയസ്സുള്ള രാജസ്ഥാന്‍കാരനാണ് പിടിയിലായത്. ഐ.ജി പി വിജയന്റെ പേരില്‍ എഫ്.ബി അക്കൗണ്ട് തുടങ്ങി പണം തട്ടാനായിരുന്നു ശ്രമം.
ഐ.ജി. പി.വിജയന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്ന് നിരവധി പേർക്ക് ഫ്രണ്ട് റിക്വസ്റ്റ് വന്നതാണ് സംശയത്തിന് ഇടയായത്. ചിലർ പോലീസില്‍ തന്നെയുള്ള സുഹൃത്തുക്കളോട് ഇത് പങ്കുവച്ചു. എറണാകുളത്തെ പൊലീസ് ഉദ്യോഗസ്ഥനായ പി.എസ്.രഘുവാണ് ഇക്കാര്യം ഐ.ജി.യുടെ ശ്രദ്ധയിൽ കൊണ്ടുവന്നതും ഡി.ജി.പിയുടെ കൺട്രോൾ റൂമിൽ പരാതി നൽകിയതും. ഒറിജിനൽ എഫ്.ബി. പേജിന്റെ അതേ മാതൃകയിലും അതേ ചിത്രങ്ങളും ഉപയോഗിച്ചാണ് വ്യാജപേജും നിർമ്മിച്ചത്. പ്രൊഫൈൽ വിവരണങ്ങൾ ഒഴിച്ചാൽ രണ്ടും ഒരുപോലെയാണ്. ജനന തീയതിയായി യഥാർത്ഥ പേരിൽ നൽകിയിരിക്കുന്നത് 25 സെപ്റ്റംബർ ആണ്. എന്നാൽ വ്യാജനിൽ ഇത് 2005 ജനുവരി ഒന്നാണ്. ഇത് മാത്രമാണ് പ്രകടമായ മാറ്റം.
അതേസമയം, സ്ത്രീകളെ ഉപയോഗിച്ച് പണം തട്ടിയ രണ്ട് രാജസ്ഥാന്‍കാരും പിടിയിലായി. നെഹര്‍ സിങ്, സുഖ്‌ദേവ് സിങ് എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസാണ് പ്രതികളെ പിടിച്ചത്.












