ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ചരിത്ര നേട്ടം സ്വന്തമാക്കി വെസ്റ്റിന്‍റീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ 862 റേറ്റിങ് പോയിന്‍റുമായി രണ്ടാംസ്ഥാനത്ത് എത്തിയിരിക്കുകയാണ് ഹോള്‍ഡര്‍. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു വിന്‍റീസ് ബൗളര്‍ക്ക് ലഭിക്കുന്ന മികച്ച റേറ്റിങ് പോയിന്‍റാണ് ഹോള്‍ഡര്‍ സ്വന്തമാക്കിയത്.
2000-ത്തില്‍ കോട്നി വാല്‍ഷ് 866 പോയിന്‍റ് നേടിയതിന് ശേഷം ആദ്യമായാണ് ഒരു വെസ്റ്റിന്‍റീസ് ബൗളര്‍ ഇത്രയും ഉയര്‍ന്ന റേറ്റിങ് പോയിന്‍റ് നേടുന്നത്. ഇംഗ്ലണ്ട്-വെസ്റ്റിന്‍റീസ് ആദ്യ ടെസ്റ്റിനുശേഷം പുറത്തുവന്ന റാങ്കിങ്ങിലാണ് ഹോള്‍ഡറുടെ ചരിത്രനേട്ടം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ആറ് വിക്കറ്റ് എടുത്ത ഹോള്‍ഡര്‍ മത്സരത്തിലാകെ 7 വിക്കറ്റ് വീഴ്ത്തി. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ 485 റേറ്റിങ് പോയിന്‍റുമായി ഹോള്‍ഡര്‍ തന്നെയാണ് ഒന്നാമതുള്ളത്.
കോവിഡ് പശ്ചാത്തലത്തില്‍ മത്സരങ്ങളൊന്നും കളിക്കാതിരുന്ന ഇന്ത്യന്‍ താരങ്ങള്‍ പഴയ റാങ്കിങ് തന്നെ നിലനിര്‍ത്തി. ബാറ്റിങ്ങില്‍ സ്റ്റീവ് സ്മിത്താണ് ഒന്നാംസ്ഥാനത്തുള്ളത്. ഇന്ത്യന്‍ നായകന്‍ വിരാട്കോലി സ്മിത്തിന് പുറകില്‍ രണ്ടാംസ്ഥാനത്തുണ്ട്. ഇന്ത്യന്‍ താരങ്ങളായ ചേതേശ്വര്‍ പൂജാര ഏഴാം സ്ഥാനത്തും അജിങ്ക്യ രഹാനെ ഒന്‍പതാം സ്ഥാനത്തുമാണ്. അതേസമയം ബൗളിങ് റാങ്കിങ്ങില്‍ ഏഴാംസ്ഥാനത്തുള്ള ജസ്പ്രീത് ഭുംറയാണ് ആദ്യ പത്തിലെ ഏക ഇന്ത്യന്‍ ബൗളര്‍.