തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. ‘നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ…‘ എന്ന ഉള്ളൂര്‍ എസ് പരമേശ്വരയ്യരുടെ കാവ്യ ശകലമാണ് മുന്‍ പൊതുമരാമത്ത് മന്ത്രിയുടെ അറസ്റ്റില്‍ കെ.ടി ജലീല്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണം.
ഇന്ന് രാവിലെ പത്തരയോടെയാണ് ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനായി അതിരാവിലെ തന്നെ വിജിലന്‍സ് സംഘം വീട്ടിലെത്തിയെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന് വീട്ടുകാര്‍ അറിയിച്ചു. തുടര്‍ന്ന് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ എത്തിയ വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തെ ഓണ്‍ ലൈനായി കോടതിയില്‍ ഹാജരാക്കും എന്നാണ് സൂചന.
ഇന്നലെ രാത്രിയാണ് ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലേക്ക് മാറിയത് അറസ്റ്റ് മുന്നില്‍ കണ്ടുകൊണ്ടാണെന്നാണ് സൂചന. അറസ്റ്റ് രേഖപ്പെടുത്തിയ സ്ഥിതിക്ക് ഇബ്രാഹിംകുഞ്ഞിന് വിജിലന്‍സ് നിരീക്ഷണത്തില്‍ ചികിത്സയില്‍ തുടരാം.