ഐ ഗോപിനാഥ്
ഒരു വശത്ത് ചര്‍ച്ചകള്‍ നടത്തുമ്പോഴും മറുവശത്ത് സുപ്രിംകോടതിയില്‍ കേസുകള്‍ നടക്കുമ്പോഴും കര്‍ഷകസമരത്തെ അടിച്ചമര്‍ത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് കേന്ദ്രസര്‍ക്കാര്‍. അടുത്തകാലത്തായി രാജ്യത്തെവിടേയും നടക്കുന്ന സമരങ്ങളേയും സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരേയും നേരിടുന്ന ശൈലിയില്‍ തന്നെ കര്‍ഷകസമരത്തേയും നേരിടാനാണ് നീക്കം എന്നുവേണം അനുമാനിക്കാന്‍. കര്‍ഷക നേതാക്കള്‍ക്കും പഞ്ചാബില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കും എന്‍ഐഎ നോട്ടീസ് അയച്ച സംഭവം അതിന്റെ സൂചനയല്ലാതെ മറ്റെന്താണ്? കര്‍ഷക സമരത്തിന് ഖാലിസ്ഥാന്‍ ബന്ധം ഉണ്ടെന്ന ആരോപണമുന്നയിച്ചാണ് ഈ നീക്കം. കര്‍ഷക സമരം രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ച പ്രധാന വ്യക്തിത്വങ്ങളില്‍ ഒരാളായ ബല്‍ദേവ് സിങ് സിര്‍സ ഉള്‍പ്പെടെയുള്ള 40 പേര്‍ക്കാണ് എന്‍ഐഎ നോട്ടീസ് നല്‍കിയിരിക്കുന്നത്. . സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തുന്ന കര്‍ഷക നേതാക്കളുടെ സംഘത്തിലെ അംഗംകൂടിയാണ് അദ്ദേഹം. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന നിരോധിത സംഘടയ്‌ക്കെതിരായ കേസിലാണ് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിദേശ സഹായം എത്തിക്കുന്നതിന് സാക്ഷിയാണ് സിര്‍സ എന്നാണ് എന്‍ഐഎയുടെ വാദം. സമരത്തിന് പിന്തുണ നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരായ ബല്‍ദേവ് പന്നു, വ്യവസായി ഇന്ദ്രപാല്‍ സിങ് എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
സമരത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ നടത്തുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടര്‍ മാര്‍ച്ച് തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തം. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് പൗരത്വപ്രക്ഷോഭം അതിശക്തമായ വേളയില്‍ ഒരു ഘട്ടത്തില്‍ സമരക്കാര്‍ക്കുനേരെ നടന്ന ക്രൂരമായ മര്‍ദ്ദനത്തിന്റെ ആവര്‍ത്തനം ഡെല്‍ഹിയില്‍ ഉണ്ടാകുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രിം കോടതി സ്റ്റേ ചെയ്യുകയും വിഷയം പഠി്കകാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ പിരിഞ്ഞുപോകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത്തരത്തില്‍ പിരിഞ്ഞ് പോയാല്‍ പിന്നീട് വീണ്ടും സമരം ഉയര്‍ത്തികൊണ്ടുവരുക എളുപ്പമല്ല എന്ന് കര്‍ഷകര്‍ക്കറിയാം. എത്രയോ മാസത്തെ തയ്യാറെടുപ്പിന്റെ ഫലമാണ് ഈ സമരം. കൂടാതെ പാര്‍ലിമെന്റ് പാസാക്കിയഈ നിയമത്തെ റദ്ദാക്കാന്‍ കോടതിക്കാവുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. ഭരണഘടനാവിരുദ്ധമെന്നു വാദിക്കാവുന്ന പൗരത്വഭേദഗതി നിയമം പോലെയല്ലല്ലോ പുതിയ കര്‍ഷക നിയമങ്ങള്‍. അതിനാല്‍ തന്നെ സന്ധിയില്ലാ പോരാട്ടങ്ങളിലൂടെ സര്‍ക്കാരിനെ മുട്ടുകുത്തിക്കുക മാത്രമേ മാര്‍ഗ്ഗമുള്ളു എന്നു കര്‍ഷകര്‍ക്കറിയാം. ചര്‍ച്ചകള്‍ നീട്ടികൊണ്ടുപോയി സമരത്തെ ദുര്‍ബ്ബലമാക്കാനുള്ള കേന്ദ്രനീക്കത്തേയും അവര്‍ തിരിച്ചറിയുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് കോടതിനടപടികളും ചര്‍ച്ചകളും തുടരുമ്പോള്‍ തന്നെ എന്‍ ഐ എയെ രംഗത്തിറക്കിയിരിക്കുന്നത്. ഇതിനോട് എത്തരത്തിലായിരിക്കും കര്‍ഷകര്‍ പ്രതികരിക്കുക എന്നു വ്യക്തമല്ല. എന്തായാലും എന്‍ഐഎക്കുമുന്നില്‍ ഹാജരാകില്ല എന്ന തീരുമാനത്തിലാണവര്‍ എന്നറിയുന്നു.
മറുവശത്ത് സമരത്തിനെതിരെ സംഘടിതമായ രീതിയില്‍ തന്നെ കുപ്രചരണങ്ങളും ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകരുമായി ചര്‍ച്ച ചെയ്തിട്ടാണ് നിയമം പാസാക്കിയിരിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ ഒരുപ്രചരണം. എന്നാല്‍ നിയമങ്ങളെ കുറിച്ച് ഒരു കര്‍ഷക സംഘടനയായും ചര്‍ച്ച നടത്തിയിട്ടില്ല എന്നതാണ് വാസ്തവം. പാര്‍ലമെന്റില്‍ നടന്നതാകട്ടെ പ്രഹസനചര്‍ച്ചയും. മിനിമം പാര്‍ലമെന്റ് സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ബില്‍ സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം പോലും സര്‍ക്കാര്‍ തള്ളുകയായിരുന്നു. കര്‍ഷകര്‍ക്ക് മിനിമം സഹായ വില ഉറപ്പുനല്‍കിയ സര്‍ക്കാരാണിതെന്ന വാദവും സംഘടനകള്‍ തള്ളിക്കളയുന്നു. കാര്‍ഷിക മേഖലയില്‍ സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കും എന്ന് വാഗ്ദ്ധാനം നല്‍കി 2014ല്‍ തെരഞ്ഞെടുപ്പിനെ നേരിട്ട സര്‍ക്കാര്‍ പിന്നീട് അത് സാധ്യമല്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. കഴിഞ്ഞില്ല, അധികാരത്തിലെത്തി ആറ് മാസം തികയുന്നതിന് മുമ്പ് കോണ്‍ഗ്രസ് ഗവണ്‍മെന്റ് നടപ്പിലാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമം ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്തു. 2011ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ ഭേദപ്പെട്ട രണ്ട് വകുപ്പുകള്‍ അനുമതി നിബന്ധനകള്‍ (Consent Clause), സാമൂഹ്യ പ്രത്യാഘാത നിര്‍ണ്ണയം (Social Impact Assessment) റദ്ദാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതുവഴി വ്യവസായ-ഭൂമാഫിയകള്‍ക്ക് അങ്ങനെ ചെറിയ വിലയ്ക്ക്, കൃഷി ഭൂമി ഏറ്റെടുക്കുന്നതിനുള്ള അവസരമൊരുക്കുകയായിരുന്നു.
സര്‍ക്കാര്‍ ചന്തകളും, എപിഎംസികളും ഇല്ലാതാക്കുമെന്ന പ്രചാരണം തെറ്റാണെന്ന വാദവും ഇപ്പോള്‍ സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്. അത്തരത്തില്‍ നിയമത്തില്‍ എഴുതിവെച്ചിട്ടില്ലായിരിക്കാം. എന്നാല്‍ പാസാക്കിയിരിക്കുന്ന നിയമങ്ങള്‍ അതേപടി നടപ്പിലാക്കിയാല്‍ സര്‍ക്കാര്‍ മണ്ഡികള്‍ ചെറിയൊരു കാലയളവുകൊണ്ടുതന്നെ താനെ ഇല്ലാതാകുമെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി. സര്‍ക്കാര്‍ അധീനതകളിലുള്ള എപിഎംസികളുടെ കുത്തക അവസാനിപ്പിക്കാന്‍ എന്ന പേരില്‍ അവയ്ക്ക് പുറത്ത് സ്വകാര്യ കച്ചവടക്കാര്‍ക്ക് ഇടപെടാന്‍ ‘വിപണി മേഖലകള്‍’ (Trade Areas) സൃഷ്ടിക്കുകയും എപിഎംസികള്‍ക്ക് ബാധകമായ നികുതികള്‍, സെസ്സ് എന്നിവയില്‍ നിന്ന് അവയെ ഒഴിവാക്കുകയും ചെയ്താല്‍ മറ്റെന്താണ് സംഭവിക്കുക? മിനിമം സഹായ വില എടുത്തുകളയുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നതായും കേന്ദ്രം പറയുന്നു. വിത്ത്, വളം, കീടനാശിനി, ട്രാക്ടര്‍-ഡീസല്‍ ചെലവുകള്‍, പുറത്തുനിന്നുള്ള അധ്വാനം, കുടുംബത്തിന്റെ അധ്വാനം, ഭൂമിയുടെ തറപ്പാട്ടം എന്നിവ കണക്കാക്കി അവയില്‍ 75% വര്‍ദ്ധനവ് വരുത്തിക്കൊണ്ട് താങ്ങുവില കണക്കാക്കിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് അവരുടെ വിളവുകള്‍ക്ക് അന്തസ്സുള്ള പ്രതിഫലം ലഭിക്കുകയുള്ളൂ. ഇതോടൊപ്പം രാജ്യത്തെവിടെയും സ്വകാര്യ വിപണിയിലായാലും സര്‍ക്കാര്‍ ചന്തകളിലായാലും മിനിമം സഹായ വില ലഭ്യമാകുന്ന വിധത്തില്‍ നിയമപരമായ അവകാശം ഉറപ്പുവരുത്തണം. അതൊന്നും പുതിയ നിയമങ്ങളിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മിനിമം സഹായ വില നല്‍കി വിളകള്‍ സംഭരിക്കേണ്ടത് കര്‍ഷകരുടെ മാത്രമല്ല, രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളുടെയും ആവശ്യമാണെന്നതും ഓര്‍ക്കമം.
കരാര്‍ കൃഷി വിവിധ സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ടെന്നും അതിലൂടെ കാര്‍ഷിക മേഖലയില്‍ സ്വകാര്യ നിക്ഷേപം വര്‍ദ്ധിക്കുമെന്നുമാണ് മറ്റൊരു വാദം. ഒരുപരിധിവരെ അത് ശരിയാണ്. എന്നാല്‍ കരാര്‍ കൃഷി നടപ്പിലാക്കപ്പെട്ട പ്രദേശങ്ങളിലെ അനുഭവങ്ങള്‍ തന്നെയാണ് അതിനെതിരെ രംഗത്തുവരാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. കരാര്‍ കൃഷി വ്യാപകമാക്കുമ്പോള്‍ വിപണിയിലെ ആവശ്യങ്ങള്‍ക്ക് (അത് അന്താരാഷ്ട്ര വിപണിയുമാകാം) അനുസരിച്ചുള്ള വിളകള്‍ കൃഷി ചെയ്യാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കും. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്ക് ഇത് ഭീഷണിയാകും എന്ന് മനസ്സിലാക്കാനും സാമാന്യബുദ്ധി മതി. വിപണിയിലെ വില വ്യതിയാനങ്ങള്‍ അനുസരിച്ച് കമ്പനികള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് വിളകള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിക്കപ്പെടും. കാര്‍ഷികരംഗത്തെ ഉല്‍പ്പാദനം, ഉല്‍പ്പന്നങ്ങളുടെ ചില്ലറ, മൊത്ത വ്യാപാരം എന്നിവയെല്ലാം വന്‍കിട കമ്പനികളുടെ കുത്തകയിലാകുമ്പോള്‍ കൃഷിക്കാര്‍ ഫലത്തില്‍ കമ്പനികളുടെ തൊഴിലാളികളായി മാറുമെന്നത് ആര്‍ക്കാണറിയാത്തത്? എപിഎംസികളുടെ കുത്തക ഇല്ലാതാക്കി, കര്‍ഷകരെ സ്വതന്ത്രരാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന വാദവും അര്‍ത്ഥശൂന്യമാണ്. അത് കര്‍ഷകരെ എവിടെയാണ് എത്തിക്കുക? ഇതിനെല്ലാം പുറമെയാണ് പുതിയ വൈദ്യുതി നിയമ ഭേദഗതി നടപ്പിലാക്കിക്കഴിഞ്ഞാല്‍ ഉണ്ടാകുന്ന ഭാരം. അത് ആരും കാര്യമായി ചര്‍ചെയ്യുന്നില്ല.
പുതി നീക്കത്തിലൂടെ…
1. സംസ്ഥാനങ്ങളുടെ അധികാരം കുറയ്ക്കും
2. ഉപഭോക്താക്കള്‍ക്ക് നേരിട്ട് ലഭിക്കുന്ന സബ്സിഡികള്‍ ഇല്ലാതാക്കും
3. പൊതു ഉടമസ്ഥതയിലുള്ള പശ്ചാത്തല സൗകര്യങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലഭ്യമാക്കും
4. വൈദ്യുതി ഉത്പാദന-വിതരണ മേഖലയില്‍ കൂടുതല്‍ സ്വകാര്യവല്‍ക്കരണം അനുവദിക്കും
5. കാര്‍ഷിക മേഖലയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ വൈദ്യുതി വിതരണം ഇല്ലാതാക്കും
6. യുക്തിരഹിതമായ താരിഫ് പരിഷ്‌കരണം ഉപഭോക്താക്കളുടെ ഭാരം ഇരട്ടിപ്പിക്കും
7. പുതുതായി രൂപീകരിക്കപ്പെടുന്ന ഇലക്ട്രിസിറ്റി കോണ്‍ട്രാക്ട് എന്‍ഫോര്‍സ്മെന്റ് അതോറിറ്റി വൈദ്യുതി മേഖലയിലെ കേന്ദ്രീകൃത അധികാര ശക്തിയായി മാറും.
പക്ഷെ ഇക്കാര്യത്തിലും സര്‍ക്കാര്‍ കുപ്രചാരണങ്ങള്‍ തുടരുകയാണ്. അവശ്യവസ്തുക്കളെ സംബന്ധിച്ച നിയമവും സര്‍ക്കാര്‍ നിരന്തരമായി ന്യായീകരിക്കുകയാണ്. രാജ്യത്ത് അവശ്യവസ്തുക്കള്‍ ഭക്ഷണത്തിനുള്ളതായാലും ഊര്‍ജ്ജത്തിനുള്ള മണ്ണെണ്ണ, പാചക വാതകം എന്നിവയായാലും അനുവദിച്ചിട്ടില്ല. എന്നാല്‍ ആ നിയമത്തിലെ ഭേദഗതി വഴി കമ്പനികള്‍ക്ക് എത്ര വേണമെങ്കിലും അളവില്‍ ധാന്യങ്ങളും പയര്‍വര്‍ഗ്ഗങ്ങളും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കാനും പൂഴ്ത്തിവയ്ക്കാനും അനുവാദം നല്‍കിയിരിക്കുകയാണ്. കാര്‍ഷികമേഖലയെ ആശ്രയിച്ചു കഴിയുന്ന പഞ്ചാബ്, ഹരിയാന പോലുള്ള സംസ്ഥാനങ്ങളെ മാത്രമല്ല, ഭക്ഷ്യവസ്തുക്കള്‍ക്കായി പുറം മാര്‍ക്കറ്റിനേയും പൊതുവിതരണ സംവിധാനത്തേയും ആശ്രയിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളേയും ഇത് പൂര്‍ണ്ണമായും തകര്‍ക്കുമെന്ന് ചൂണ്ടികാണിക്കുന്നവരേയും സര്‍ക്കാര്‍ അധിക്ഷേപിക്കുകയാണ്. മറ്റൊരു സൂക്ഷ്മ രാഷ്ട്രീയവും ഇതിനു പുറകിലുണ്ട്. കോര്‍പ്പറേറ്റ് സേവക്കും തങ്ങളുടെ ആത്യന്തിക ലക്ഷ്യമായ ഹിന്ദുരാഷ്ട്രവാദത്തിനും കോര്‍പ്പറേറ്റ് സേവക്കും ഏറ്റവും തടസ്സമാണ് ഇന്ത്യയില്‍ പേരിനെങ്കിലും നിലനില്‍ക്കുന്ന ഫെഡറലിസം എന്ന് സംഘപരിവാര്‍ ശക്തികള്‍ക്ക് വ്യക്തമായി അറിയാം. അതിനാല്‍ തന്നെ ഫെഡറലിസം എന്ന ആശയത്തെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് സമീപ കാലത്ത് ഭരണകൂടം ശക്തമാക്കിയിരിക്കുന്നത്. ഒരു രാഷ്ട്രം എന്നു തുടങ്ങുന്ന മുദ്രാവാക്യങ്ങളെല്ലാം അതിന്റെ സൂചനകളാണ്. ഒരു ഭാഷ, ഒരു ജനത, ഒരു സംസ്‌കാരം, ഒരു മതം, ഒരു നികുതി, ഒരു പെന്‍ഷന്‍, ഒരു വോട്ട്, ഒരു വിപണി എന്നിവയെല്ലാം ഉദാഹരണങ്ങള്‍. അതിനാല്‍ ഇവക്കെല്ലാമെതിരായ പോരാട്ടങ്ങള്‍ ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണ്. അതുകൂടിയാണ് ഈ കര്‍ഷക സമരത്തിന്റെ ചരിത്രപരമായ മറ്റൊരു പ്രസക്തി. അതിനാല്‍ തന്നെയാണ് എന്‍ഐഎയെ രംഗത്തിറക്കി സമരത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ ശക്തമായിട്ടുള്ളത്. അതിനാല്‍തന്നെ ഈ പോരാട്ടം പരാജയെപ്പെടാതിരിക്കേണ്ടത് കര്‍ഷകരുടെ മാത്രമല്ല, ജനാധിപത്യത്തിലും മതേതരത്വത്തിലും സാമൂഹ്യനീതിയിലും ഫെഡറലിസത്തിലും വിശ്വസിക്കുന്ന എല്ലാവരുടേയും ആവശ്യമാണ്. ഈ റിപ്പബ്ലിക് ദിനം സര്‍ക്കര്‍ ജവാന്മാര്‍ക്ക് സമര്‍പ്പിക്കട്ടെ. നമുക്കത് കിസാന്‍മാര്‍ക്ക് സമര്‍പ്പിക്കാം.
(കടപ്പാട് – transition studies, Thrissur)