ദുബായ്: അതിവേഗ യാത്രാമാര്‍ഗമായ ഹൈപ്പര്‍ലൂപ്പില്‍ യാത്രക്കാരെ കയറ്റിയുളള പരീക്ഷയോട്ടം വിജയകരമായി പൂര്‍ത്തിയായി. ദുബായുടെ നേതൃത്വത്തില്‍ വെര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് പദ്ധതിയുടെ ഭാഗമായി ലാസ് വേഗാസിലെ പരീക്ഷണ കേന്ദ്രത്തിലെ 500 മീറ്റര്‍ പാതയിലായിരുന്നു പരീക്ഷണ യാത്ര. ആദ്യയാത്ര വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഹൈപ്പര്‍ലൂപ്പ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഹൈപ്പര്‍ലൂപ്പ് ചീഫ് ടെക്‌നോളജി ഓഫീസര്‍ ജോഷ് ഗീഗല്‍, പാസഞ്ചര്‍ എക്‌സ്പീരിയന്‍സ് ഡയറക്ടര്‍ സാറ ലൂച്ചിയന്‍ എന്നിവരായിരുന്നു ആദ്യ യാത്രക്കാര്‍. ദുബായിലെ ഡി.പി വേള്‍ഡിന്റെ നേതൃത്വത്തിലാണ് വെര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് പദ്ധതി പുരോഗമിക്കുന്നത്.
നേരത്തെ യാത്രക്കാരില്ലാതെ 400 പരീക്ഷണയാത്രകള്‍ നടത്തിയിട്ടുണ്ട്. ശൂന്യമായ കുഴലിലൂടെ അതിവേഗത്തില്‍ യാത്രക്കാരെ വഹിച്ച വാഹനം കടന്നുപോകുന്ന സംവിധാനമാണ് ഹൈപ്പര്‍ലൂപ്പ്. ഈ സംവിധാനത്തിലൂടെ മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ സാധിക്കും.
ബുള്ളറ്റ് ട്രെയിനുമായി സാദൃശ്യപ്പെടുത്താന്‍ കഴിയുന്ന യാത്രസംവിധാനമാണിത്. പരീക്ഷണം വിജയകരമായാല്‍ വിവിധ നഗരങ്ങള്‍ക്കിടയില്‍ ഹൈപ്പര്‍ലൂപ്പ് സ്ഥാപിക്കാനുളള തയ്യാറെടുപ്പിലാണ് യുഎഇയും സൗദി അറേബ്യയും.