സോളാര്‍ സംരഭകയുടെ പീഡന പരാതി സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് വിട്ടതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിച്ച് പരാതിക്കാരി. താനുമായി ഒരു ബന്ധവുമുണ്ടായിട്ടില്ലെന്ന് പറയുന്ന ഉമ്മന്‍ ചാണ്ടി പരസ്യ സംവാദത്തിന് വരുമോയെന്ന് പരാതിക്കാരി ചോദിച്ചു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇരുന്ന സമയത്ത് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ മുന്നില്‍ ഒരു വ്യവസായ പദ്ധതിയുമായി പോയ ഒരു സ്ത്രീക്ക് നേരിട്ട അപമാനമാണ് ഞാന്‍ അനുഭവിച്ചിട്ടുള്ളത്. ഉമ്മന്‍ ചാണ്ടി മാത്രമല്ല, കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍ ഇങ്ങനെ ഒരുപാടില്‍ പേരില്‍ നിന്നുണ്ടായ അപമാനം താന്‍ പലതവണ തുറന്നുചര്‍ച്ച ചെയ്തിട്ടുള്ളതാണെന്ന് അവര്‍ എപ്പോഴും പറയുന്നതാണല്ലോ രാഷ്ട്രീയ പ്രേരിതം എന്ന്. സ്റ്റേറ്റ് പൊലീസ് അന്വേഷിച്ചാലും ക്രൈം ബ്രാഞ്ചോ സിബിഐയോ വന്നാലോ ഈ മറുപടി തന്നെയാകും അവര്‍ക്കുണ്ടാകുക. കുറ്റം ചെയ്തവരാരും അത് സമ്മതിച്ച് മുന്നില്‍ വരാറില്ല. അവര്‍ക്ക് നിഷേധിക്കാനുള്ള അവകാശമുണ്ട്. ആ അവകാശത്തെ താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് പരാതിക്കാരി പറഞ്ഞു.
ഇത് പരാതിയല്ല. അഭ്യര്‍ത്ഥനയാണ്. നമ്മുടെ സംസ്ഥാന പൊലീസിന്റെ വീഴ്ച്ചയല്ല ഇത്. അവര്‍ക്ക് ഈ കേസില്‍ ഒരുപാട് പരിമിതികള്‍ ഉണ്ടെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ കേസിലെ സംഭവങ്ങള്‍ കേരളത്തില്‍ മാത്രമായിട്ട് ഉണ്ടായതല്ല. ഡല്‍ഹിയിലുണ്ട്. അങ്ങനെ ഒന്നു രണ്ട് വിഷയങ്ങള്‍ ക്ലബ്ബ് ചെയ്ത് സംസ്ഥാനത്തിന് പുറത്ത് പോയിട്ടുള്ളതുകൊണ്ട് സംസ്ഥാന പൊലീസിന് അന്വേഷിക്കാന്‍ പറ്റുന്നതിനേക്കാള്‍ കൂടുതല്‍ വ്യാപ്തി ഈ കേസിനുണ്ട്.
അഞ്ച് വര്‍ഷമായി കേസിന് പുറകെ നടക്കുന്നു. 2014ലാണ് ഞാന്‍ എ പി അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി കൊടുത്തത്. ഇതുവരെ അതില്‍ ഒരു തുടര്‍നടപടിയെടുക്കാന്‍ പറ്റിയിട്ടില്ല. ആരേയും കുറ്റപ്പെടുത്തിയതല്ല. അതുകൊണ്ടാണ് സ്വതന്ത്ര കേന്ദ്ര ഏജന്‍സിയെ അന്വേഷണം ഏല്‍പിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതും സര്‍ക്കാര്‍ നടപടി സ്വീകരിച്ചതുമെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.











