സോള്‍ : ദക്ഷിണ കൊറിയയുടെ തെക്ക്-കിഴക്കന്‍ തീരങ്ങളില്‍ കനത്തനാശം വിതച്ച് മെയ്‌സാക്ക് ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും 2,70,000 ലധികം വീടുകളില്‍ വൈദ്യുതി മുടങ്ങി.
കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് കന്നുകാലികളെ കൊണ്ടുവരാന്‍ ഉപയോഗിക്കുന്ന കപ്പല്‍ ഒഴുക്കില്‍പ്പെടുകയും ചെയ്തു.കപ്പലില്‍ 42 ജീവനക്കാരും 5,800 കന്നുകാലികളുമാണ് ഉണ്ടായിരുന്നത്. മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പെട്ട് ഒരാള്‍ മരണപ്പെട്ടതായി സൂചനയുണ്ട്. 2,400 പേരെ സ്ഥലത്ത് നിന്നും മാറ്റി പാര്‍പ്പിച്ചു.ഇന്നലെ പുലര്‍ച്ചെ മെയ്‌സാക്ക് ചുഴലിക്കാറ്റ് 90 എം.പി.എച്ച് വേഗതയിലാണ് ദക്ഷിണ കൊറിയന്‍ തീരത്ത് വീശിയടിച്ചത്.ഉത്തര കൊറിയയുടെ കിഴക്ക് ഭാഗത്തുണ്ടായ ഉഷ്ണമേഖലാ കൊടുങ്കാറ്റില്‍ മെയ്സാക്ക് ക്രമേണ ദുര്‍ബലമായതായി ദക്ഷിണ കൊറിയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


















