തിരുവനന്തപുരം: ഓസ്‌ട്രേലിയന്‍ സിനിമാ ലോകത്ത് മലയാളി സാന്നിധ്യം. തിരുവനന്തപുരം സ്വദേശിയായ ജയ് ജനാര്‍ദ്ദനാണ് ഇംഗ്ലീഷ് ഭാഷയില്‍ ഒരുക്കുന്ന ‘ഹൗഡി’ കോമഡി ഡ്രാമാ സീരീസുമായി ഓസ്ട്രേലിയന്‍ സിനിമാ രംഗത്തേക്ക് രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ ഏഴിന് ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സീ ഫൈവില്‍ റിലീസ് ചെയ്യും.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ എല്ലാം കേരളത്തിലാണ് ചെയ്തത്. ലോക്ഡൗണ്‍ കാലത്തെ വെല്ലുവിളികളെ അതിജീവിച്ച് സിനിമ റിലീസ് ചെയ്യാനായതില്‍ സന്തോഷമുണ്ടെന്ന് ജയ് പറഞ്ഞു.
ഓസ്ട്രേലിയന്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ ഷോണ്‍ കിങ്, ഷെനായ, നവീന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. നവീന്‍ തിരുവനന്തപുരം സ്വദേശിയാണ്. ഒറേലിസ് അവാര്‍ഡ് ജേതാവായ ഡിര്‍ക് ഫ്ലിന്റ്ഹാര്‍ട്ടാണ് തിരക്കഥ. ജോര്‍ജ് കാബോട്ടുമാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. നിഖില്‍ കോപാര്‍കറിന്റേതാണ് ടൈറ്റില്‍ മ്യൂസിക്.
മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ക്രിസ്റ്റി സെബാസ്റ്റ്യന്‍, അപ്പു ഭട്ടതിരി, വര്‍ക്കി, ബോണി എം.ജോയ്, വിഷാല്‍ ടോം ഫിലിപ്പ്, നിഖേഷ് രമേഷ്, തിനേഷ്‌കുമാര്‍ എന്നിവര്‍ എഡിറ്റിങ്, മ്യൂസിക്, സൗണ്ട് ഡിസൈന്‍ എന്നിവയിലും ഒപ്പമുണ്ടായിരുന്നു. ഹൗഡിയുടെ ട്രെയ്ലര്‍ അടുത്തദിവസം തന്നെ പ്രമുഖ സിനിമാതാരങ്ങളുടെ ഫെയ്സ്ബുക്ക് പേജില്‍ റിലീസ് ചെയ്യുമെന്നും ജയ് പറഞ്ഞു.
‘പൊറിഞ്ചുമറിയം ജോസി’ല്‍ അസിസ്റ്റന്റ് ഡയറക്ടറായും ആര്‍.എസ്.വിമലിനൊപ്പം അസോസിയേറ്റ് ഡയറക്ടറായും ജയ് പ്രവര്‍ത്തിച്ചിട്ടുണ്ട്.ക്യൂന്‍സ് ലാന്‍ഡ് സ്‌കൂള്‍ ഫോര്‍ ഫിലിം ടെലിവിഷന്‍, ലോസ് ആഞ്ചലീസ് ഫിലിം എന്നിവയില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ പൂര്‍ണിമ. ആര്‍ണവ് ജയ്, ഷനായ ജയ് എന്നിവരാണ് മക്കള്‍. തിരുവനന്തപുരം ശാസ്തമംഗലത്താണ് വീട്.






















