മെഡിക്കല്‍ ഉപകരണങ്ങളും ആംബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനങ്ങളുമായി പോയ ചരക്കു കപ്പലാണ് ഹൂതി വിമതര്‍ പിടിച്ചെടുത്തത്. കപ്പല്‍ വിട്ടയിച്ചില്ലെങ്കില്‍ സൈനിക നടപടിയുണ്ടാകുമെന്ന് സഖ്യ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റിയാദ് : യുഎഇയുടെ പതാക വഹിക്കുന്ന ചരക്കു കപ്പല്‍ യെമന്‍ തീരത്തിനടുത്ത്വെച്ച് ഹൂതി വിമതര്‍ പിടിച്ചെടുത്തു. റവാബി എന്നു പേരുള്ള കപ്പല്‍ ഞായറാഴ്ച വൈകീട്ടാണ് ഹൊദെയ്ദ് തുറുമുഖത്തിനു സമീപം വെച്ച് ഹൂതികള്‍ പിടിച്ചെടുത്തതെന്ന് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മല്‍കി പറഞ്ഞു.
യെമനിലെ സൊകോത്ര ദ്വീപിലെ സൗദി ഫീല്‍ഡ് ആശുപത്രിയില്‍ ഉപയോഗിച്ച മെഡിക്കല്‍ ഉപകരണങ്ങളും വാര്‍ത്താ വിതരണ ഉപകരണങ്ങളും, ആംബുലന്‍സ്, ഫീല്‍ഡ് കിച്ചന്‍, ലൊണ്ടറി, എന്നിവയാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവിടെ നിന്ന് സൗദി ജാസന്‍ തുറുമുഖത്തേക്ക് പോകുകയായിരുന്നു കപ്പല്‍.
രാജ്യാന്തര കപ്പല്‍ സഞ്ചാരത്തിനും വ്യാപാരത്തിനുമെതിരായ ഭീകരപ്രവര്‍ത്തനമാണ് ഹൂതി വിമതര്‍ നടത്തിയതെന്ന് സഖ്യ സേന ആരോപിച്ചു. കപ്പല്‍ വിട്ടുതന്നില്ലെങ്കില്‍ സൈനിക നടപടി ഉള്‍പ്പെടെയുള്ള പ്രതികരണങ്ങള്‍ക്ക് മടിക്കില്ലെന്ന് സഖ്യ സേന അറിയിച്ചു.
ചെങ്കടലിലൂടെ പോകുന്ന സിവിലിയന്‍, ചരക്കു കപ്പലുകളെ ഹൂതി വിമതര്‍ ലക്ഷ്യം വെയ്ക്കുക പതിവാണ്. 2019 ല്‍ സൗദി, കൊറിയന്‍ കപ്പലുകള്‍ ഇത്തരത്തില്‍ വിമതര്‍ പിടികൂടിയിരുന്നു. പിന്നീട് വിട്ടയിച്ചു. ഹൂതികളെ ഭീകരരായി യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്.