സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന യുഡിഎഫ്–ബിജെപി ആരോപണം തള്ളി ആഭ്യന്തരമന്ത്രാലയം. പാർലമെന്റിൽ യുഡിഎഫ് എംപിമാരായ അടൂർ പ്രകാശ്, കെ സുധാകരൻ, ബെന്നി ബെഹ്‌നാൻ, എൻ കെ പ്രേമചന്ദ്രൻ എന്നിവരാണ് സംസ്ഥാന സർക്കാരിനെ കുരുക്കാനുള്ള ആസൂത്രിത ചോദ്യം ചോദിച്ചത്.
എന്നാൽ, മറുപടിയിൽ ഇവരുടെ ആരോപണം ആഭ്യന്തരസഹമന്ത്രി കിഷൻ റെഡ്ഡി കൈയോടെ തള്ളി. സ്വർണക്കടത്ത് കേസിന്റെ വിശദാംശങ്ങൾ എന്താണ്, ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെയും പങ്ക് എത്രത്തോളം, ഇതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ് എന്നീ ചോദ്യങ്ങളാണ് ചോദിച്ചത്. മറുപടിയിൽ എൻഐഎ അന്വേഷണം തുടരുന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി പറഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന ആരോപണം പരാമർശിച്ചതുപോലുമില്ല.