ഗുവാഹത്തി: ക്രിസ്മസ് ദിനത്തില്‍ പളളിയില്‍ പോകുന്ന ഹിന്ദുക്കള്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ബജ്‌റംഗ്ദള്‍. ഇത്തരത്തില്‍ പളളിയില്‍ പോകുന്ന ഹിന്ദുക്കളെ അടിച്ചോടിക്കുമെന്നാണ് ബജ്‌റംഗ്ദളിന്റെ ഭീഷണി. അസമിലെ കച്ചര്‍ ജില്ലയിലെ ബജ്‌റംഗ്ദള്‍ ജനറല്‍ സെക്രട്ടറി മിഥുന്‍ നാഥാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ക്രിസ്മസ് ദിനത്തില്‍ ഹിന്ദുക്കള്‍ പളളിയാല്‍ പോയാല്‍ അവരെ തല്ലിയോടിക്കും. എന്തെന്നാല്‍ ഷില്ലോംഗില്‍ അവര്‍ അമ്പലങ്ങള്‍ അടച്ചു പൂട്ടിക്കുകയാണ്. എന്നിട്ടാണണ് നമ്മള്‍ അവരോടൊപ്പം ആഘോഷിക്കുന്നത്. അതുകൊണ്ട് അവര്‍ക്കൊപ്പമുളള ആഘോഷം ഞങ്ങള്‍ അനുവദിക്കില്ല- മിഥുന്‍ നാഥ് പറഞ്ഞു.
മാധ്യമങ്ങള്‍ തങ്ങളെ കുറിച്ച് എന്തു പറഞ്ഞാലും ഗുണ്ടാ സംഘം എന്നു വിളിച്ചാലും ഒരു പ്രശ്‌നവും ഇല്ലെന്നും മിഥുന്‍ പറഞ്ഞു. ഡിസംബര്‍ 26 ന് പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ തലക്കെട്ടുകള്‍ എങ്ങനെയായിരിക്കുമെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതേതര രാഷ്ട്രമായ ഇന്ത്യയിലാണ് ഇത്തരത്തിലുളള ഭീഷണികളുമായി സംഘടനകള്‍ രംഗത്തെത്തുന്നത്.