ബോളിവുഡ് സംവിധായകന്‍ നിഷികാന്ത് കാമത്ത് (50) അന്തരിച്ചു. ദൃശ്യം ഹിന്ദി പതിപ്പിന്റെ സംവിധായകനാണ് നിഷികാന്ത്. കരള്‍ രോഗം ബാധിച്ച് ഏറെ നാളായി ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വെന്റിലേറ്ററിന്റെ സഹായത്തോടെ ആശുപത്രിയില്‍ കഴിഞ്ഞ നിഷികാന്ത് മരിച്ചതായി അഭ്യൂഹങ്ങള്‍ ഇന്ന് രാവിലെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് അറിയിച്ചു കൊണ്ട് നടന്മാരായ റിതേഷ് ദേശ്മുഖ്, ജോണ്‍ എബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇന്ന് വൈകിട്ട് 4.38 ഓടെ റിതേഷ് തന്നെ നിഷികാന്തിന്റെ മരണ വാര്‍ത്ത ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
I will miss you my friend. #NishikantKamat Rest In Peace. 🙏🏽 pic.twitter.com/cqEeLbKJPM
— Riteish Deshmukh (@Riteishd) August 17, 2020
2015ല്‍ ആണ് നിഷികാന്തിന്റെ ഹിന്ദി ‘ദൃശ്യം’ പുറത്തിറങ്ങിയത്. അജയ് ദേവ്ഗണ്‍, ശ്രീയ ശരണ്‍, തബു തുടങ്ങിയവരാണ് അഭിനയിച്ചത്. മദാരി, ഫോഴ്‌സ്, റോക്കി ഹാന്‍ഡ്‌സം, മുംബൈ മേരി ജാന്‍ തുടങ്ങിയവയാണ് നിഷികാന്ത് സംവിധാനം ചെയ്ത മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. ഡാഡി, റോക്കി ഹാന്‍ഡ്‌സം, ജൂലി 2, ഭവേശ് ജോഷി തുടങ്ങിയ ചിത്രങ്ങളില്‍ നിഷികാന്ത് അഭിനയിച്ചിട്ടുണ്ട്.
Requesting all the respected Media Houses who reported on #NishikantKamat to put out a clarification please. https://t.co/NPuaccKBac
— Riteish Deshmukh (@Riteishd) August 17, 2020
മറാത്തി സിനിമകളും നിഷികാന്ത് സംവിധാനം ചെയ്തിട്ടുണ്ട്. മികച്ച മറാത്തി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ഡോംബിവാലി ഫാസ്റ്റ് ( 2005 ) ആണ് നിഷികാന്ത് ആദ്യമായി സംവിധാനം ചെയ്ത സിനിമ. ദ ഫൈനല്‍ കോള്‍, രംഗ്ബാസ് ഫിര്‍സെ എന്നീ വെബ്‌സീരീസുകളുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായിരുന്നു.
ജൂലായ് 31നാണ് ലിവര്‍ സിറോസിസ് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നിഷികാന്തിനെ ഹൈദരാബാദിലെ ഗാചിബവ്ലിയിലെ എ.ജി.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.