അടുത്ത രണ്ട് ദിവസങ്ങളില്‍ ഒമാനിലെ അല്‍ ബതീന ഉള്‍പ്പെടയുള്ള പ്രവിശ്യകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
മസ്കറ്റ് : ഒമാനില്‍ വ്യാപക മഴയ്ക്ക സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ ബതിന മേഖലയില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യയുള്ളതിനാല്‍ മലയടിവാരങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
പലേടങ്ങളിലും മിന്നല്‍ പ്രളയം ഉണ്ടാകാനും വാദികള്‍ നിറയാനും സാധ്യതയുള്ളതിനാല്‍ ഈ ഭാഗങ്ങളില്‍ അവധിക്കാല ക്യാംപിംഗ് തുടങ്ങിയവ ഒഴിവാക്കുകയോ മുന്‍കരുതലുകള്‍ സ്വീകരിക്കുകയോ വേണമെന്ന് ദുരന്തനിവാരണ സമിതി അറിയിച്ചു.
അല്‍ ഖുവയിര്‍, സീബ് എന്നിവടങ്ങളില്‍ ബുധനാഴ്ച മുതല്‍ മഴ ലഭിക്കുന്നുണ്ട്. തലസ്ഥാന നഗരിയായ മസ്‌കറ്റില്‍ ആകാശം മൂടിക്കെട്ടിയാണ് തുടരുന്നത്. ചിലയിടങ്ങളില്‍ നേരിയ മഴ ലഭിച്ചു.
അല്‍ അസം ന്യൂനമര്‍ദ്ദമാണ് ഇതിനു കാരണം. മുസണ്ടം വടക്കന്‍ ബതീന എന്നിവടങ്ങളില്‍ 50 മുതല്‍ 100 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയാണ് പ്രവചിക്കുന്നത്.
ബുറൈമി, ദഹീറ, ദക് ലിയ, സൗത്ത് ഷര്‍ഖിയ എന്നിവടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റു വീശുമെന്നതിനാല്‍ കടലില്‍ പോകുന്നവര്‍ കനത്ത ജാഗ്രത പാലിക്കണം. മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്നും കടല്‍ പ്രക്ഷുബ്ദമാകുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
തണുത്ത കാലാവസ്ഥയാകും വരും ദിനങ്ങളില്‍ അനുഭവപ്പെടുക. ഒമാനില്‍ രേഖപ്പെടുത്തിയ കൂടിയ താപനില 31.6 ഡിഗ്രിയും കുറഞ്ഞത് 8.9 ഡിഗ്രി സെല്‍ഷ്യസുമാണ്.
വാദികള്‍ നിറഞ്ഞൊഴുമെന്നതിനാല്‍ റോഡുകളില്‍ വെള്ളക്കെട്ടുകള്‍ക്ക് സാധ്യതയുണ്ടെന്ന് റോയല്‍ ഒമാന്‍ പോലീസ് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വെള്ളപ്പാച്ചില്‍ മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മൂന്നു മാസം വരെ തടവും 500 റിയാല്‍ പിഴയും ശിക്ഷ ലഭിക്കുമെന്ന് പോലീസ് മുന്നിറിയിപ്പ് നല്‍കി.













