മുംബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ മുംബൈ മഹാനഗരത്തില്‍ വെള്ളപ്പൊക്കവും. തിങ്കളാഴ്ച രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി പെയ്ത ശക്തമായ മഴയില്‍ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ലോവര്‍ പരേല്‍, കുര്‍ള, ഗോരെഗാവ്, ദാദര്‍, കിംഗ് സര്‍ക്കിള്‍, ഷെല്‍ കോളനി, ശിവാജി ചൗക്ക് ഉള്‍പ്പെടെ 26 പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്.
ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. മുംബൈ, താനെ, പൂന, റായ്ഗഡ്, രത്നാഗിരി ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മുബൈയില്‍ അവശ്യാധന സര്‍വീസുകളല്ലാത്ത എല്ല സര്‍വീസുകളും നിര്‍ത്തിവച്ചതായി കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ കനത്ത മഴയില്‍ കാണ്ടിവാലിയിലെ പടിഞ്ഞാറന്‍ എക്സ്പ്രസ് ഹൈവേയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ഇതേ തുടര്‍ന്ന് സൗത്ത് മുംബൈയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. ഉച്ചയ്ക്ക് 12:47 ന് വേലിയേറ്റം ഉണ്ടാകുമെന്നതിനാല്‍ ജനങ്ങള്‍ കടല്‍ത്തീരത്തേക്ക് പോകരുതെന്ന് അധികൃതര്‍ അറിയിച്ചു. തിരമാലകള്‍ 4.51 മീറ്ററോളം ഉയരുമെന്നാണ് പ്രവചനം. തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ ചൊവ്വാഴ്ച രാവിലെ എട്ട് വരെ 230.06 എംഎം മഴയാണ് മുംബൈ നഗരത്തില്‍ ലഭിച്ചത്.