തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേതുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട എന്നീ ജില്ലകളില്‍ 115.6 ാാ മുതല്‍ 204.4 MM വരെയും ഇടുക്കി ജില്ലയില്‍ 204.4 MM ന് മുകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. അതിതീവ്ര മഴ സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.
ഡിസംബര്‍ 2 ന് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി ജില്ലകളിലും ഡിസംബര്‍ 3 ന് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 1 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലും ഡിസംബര്‍ 2 ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ഡിസംബര്‍ 3 ന് പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 MM മുതല്‍ 115.5 MMവരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളോട് തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഡിസംബര്‍ 1 മുതല്‍ കടല്‍ അതിപ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് നവംബര്‍ 30 അര്‍ദ്ധരാത്രിയോടെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. നിലവില്‍ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ നവംബര്‍ 30 അര്‍ദ്ധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തേണ്ടതാണ്. ഇന്ന് (29/11/2020) കടലില്‍ പോകുന്നവര്‍ നാളെ (30/11/2020) അര്‍ദ്ധരാത്രിയോടെ തീരത്ത് നിര്‍ബന്ധമായും തിരിച്ചെത്തേണ്ടതാണ്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനുള്ള നേരിയ സാധ്യതയുള്ളതിനാല്‍ ഈ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ഡിസംബര്‍ 1 മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
ശക്തമായ കാറ്റിന് സാധ്യത പ്രതീക്ഷിക്കുന്നതിനാല്‍ ശക്തമായ മേല്‍ക്കൂരയില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മുകളില്‍ ഷീറ്റ് പാകിയവരും അവ അടിയന്തരമായി ബലപ്പെടുത്താന്‍ ശ്രമിക്കേണ്ടതാണ്. കാറ്റ് ശക്തമാകുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 2 നോട് കൂടി തന്നെ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുവാന്‍ റെവന്യൂ, തദ്ദേശ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.